തിരുവനന്തപുരം: സോളാർ കേസ് സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടി. സിബിഐ റിപ്പോർട്ട് അടിസ്ഥാനമാക്കി പരാതി നൽകിയാൽ നിയമപരമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സോളാർ തട്ടിപ്പ് കേസുകൾ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നടത്തിയ അഴിമതിയെയും അരാജകത്വത്തെയും തുറന്നുകാട്ടിയ സംഭവമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്നു നടക്കുന്ന ഗൂഢനീക്കങ്ങൾ തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാണ് ഇന്നാട്ടിലെ ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സോളാർ കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് നിങ്ങൾ തന്നെയാണ്. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. പഴയ നിലപാട് തന്നെയാണ് ഞങ്ങൾ ഇപ്പോഴും തുടരുന്നതെന്നും അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം ഉന്നയിച്ചത് അന്നത്തെ ഭരണമുന്നണിയിലെ ചീഫ് വിപ്പ് പദവി ഒരിക്കൽ വഹിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ വേട്ടയാടലിനെ കുറിച്ച് ഇപ്പോൾ വാചാലരാകുന്നുണ്ട് അതിൽ ഒരു സംവാദം നടത്തുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂർണരൂപം.
സോളാർ തട്ടിപ്പ് കേസുകൾ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തി ൻറെയും അഴിമതിയുടെയും അരാജകത്വത്തിൻറെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്. നാടിൻറെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയെയാണ് കോടികൾ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങൾ നിയമിച്ച ജൂഡീഷ്യൽ കമ്മീഷൻറെ കണ്ടെത്തൽ. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിൻറെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോൾ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ’എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ.
സോളാർ കേസിൽ 2013 ജൂൺ ആറിനാണ് പെരുമ്പാവൂർ പോലീസ് ക്രൈം നം. 368/13 എന്ന കേസ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് 03 ജൂൺ 2013 നാണ്. മറ്റൊരു പ്രതിയുടെ അറസ്റ്റ് 17 ജൂണിന് രേഖപ്പെടുത്തി. ആകെ 33 കേസുകളാണ് ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തത്. എ ഡി ജി പി യുടെ നേതൃത്തിലാണ് അന്നത്തെ സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. തുടർന്ന് 28 ഒക്ടോബർ 2013 ന് കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കമ്മീഷൻ 26 സെപ്റ്റംബർ 2016 ന് റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരി 5 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും 15 രാഷ്ട്രീയ നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ അന്നത്തെ മന്ത്രിസഭാ അംഗങ്ങൾ, സാമാജികർ, പാർലമെൻറ് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.
സോളാർ കേസുകളിൽ ഉൾപ്പെട്ടിരുന്ന വ്യക്തി പീഡനം ആരോപിച്ച് 01.10.2018 ന് സൗത്ത് സോൺ എഡിജിപിക്ക് മുമ്പാകെ പരാതി നൽകുകയും ഈ പരാതിയിേډൽ സംസ്ഥാന ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രസ്തുത അന്വേഷണം നടന്നുവരവെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12.01.2021 ൽ മുഖ്യമന്ത്രിക്ക് പരാതിക്കാരി നിവേദനം നൽകി. ഇതിേډൽ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ നിയമോപദേശം കൂടി തേടിയ ശേഷമാണ് കേസിൻറെ അന്വേഷണ ചുമതല സി ബി ഐ യെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ 23.01.2021 ന് തീരുമാനമെടുത്തത്. തുടർന്ന്, 14.08.2021 ൽ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ക്രൈം.43/2018 നമ്പർ കേസ് ഇആക സ്പെഷ്യൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഞഇ 342021/ S0005 ആയി റി-രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനുശേഷം പ്രസ്തുത കേസിൽ ഇആക അന്വേഷണം പൂർത്തീകരിച്ച് ബഹു. തിരുവനന്തപുരം ഇഖങ കോടതി മുമ്പാകെ 26.12.2022 ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുളളതായാണ് മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്.
സി ബി ഐ ഫയൽ ചെയ്തതായി മാധ്യമങ്ങളിൽ വന്നിട്ടുള്ള പ്രസ്തുത റിപ്പോർട്ട് സംസ്ഥാന സർക്കാരിൻറെ പക്കൽ ലഭ്യമല്ല. ലഭ്യമല്ലാത്ത ഒരു റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന പരാമർശങ്ങളിൽ അഭിപ്രായം പറയാൻ സംസ്ഥാന സർക്കാരിന് നിർവ്വാഹമില്ല. ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ചാണ് ബഹുമാനപ്പെട്ട സാമാജികർ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് നൽകേണ്ടത്. ഇവിടെ അന്വേഷണം പൂർത്തീകരിച്ച് സി ബി ഐ 26.12.2022 ന് സമർപ്പിച്ചുവെന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൽ ചില നിരീക്ഷണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാമർശം വന്നിട്ടുണ്ട്. ഇത് എന്താണെന്ന് ഊഹിച്ചെടുത്ത് അതിേډൽ ചർച്ച ചെയ്യണമെന്നാണ് ബഹുമാനപ്പെട്ട അംഗം ഈ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് ചട്ടപ്രകാരം നിലനിൽപ്പുണ്ടോ എന്നു സംശയമുള്ള ഈ പ്രമേയത്തിേൽപ്പോലും ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാകുന്നത്.
സോളാർ കേസിൻറെ പശ്ചാത്തലവും ഹ്രസ്വമായെങ്കിലും പറയാതിരിക്കാനാവില്ല:
സോളാർ അന്വേഷണ കമ്മീഷൻറെ റിപ്പോർട്ടും നടപടിക്കുറിപ്പും ഈ സഭയുടെ മേശപ്പുറത്ത് വച്ചുകൊണ്ട് ചട്ടം 300 പ്രകാരം വിശദമായി പ്രസ്താവന 09.11.2017 ന് നടത്തിയിട്ടുണ്ട്. 26.09.2017 ന് സർക്കാരിനു സമർപ്പിക്കപ്പെട്ട കമ്മീഷൻ റിപ്പോർട്ടിേډൽ അഡ്വക്കേറ്റ് ജനറലിൻറെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെയും നിയമോപദേശം തേടിയതിനു ശേഷം 11.10.2017 ന് മന്ത്രിസഭായോഗത്തിൻറെ പരിഗണനയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് (റിട്ട.) അരിജിത്ത് പസായത്തിൻറെ നിയമോപദേശം കൂടി തേടാൻ 19.10.2017 ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അദ്ദേഹം നൽകിയ നിയമോപദേശം കൂടി അടിസ്ഥാനപ്പെടുത്തിയാണ് തുടർനടപടിക്കുള്ള ഉത്തരവ് 08.11.2017 ലെ മന്ത്രിസഭാ യോഗത്തിൻറെ അംഗീകാരത്തോടുകൂടി പുറപ്പെടുവിച്ചത്.
തികഞ്ഞ അവധാനതയോടും ജാഗ്രതയോടും കൂടിയാണ് സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു നീങ്ങിയത്. ഇവിടെ എടുത്തുപറയാനുള്ള കാര്യം ഈ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് മുൻ യുഡിഎഫ് സർക്കാരാണ് എന്നതാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ട് അതിൻറെ റിപ്പോർട്ടിേډലുള്ള തുടർനടപടികളാണ് പിന്നീട് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ സ്വീകരിച്ചത്.
കമ്മീഷൻറെ പ്രധാനപ്പെട്ട ചില കണ്ടെത്തലുകൾ താഴെപ്പറയുന്നവയാണ്:
- അന്നത്തെ മുഖ്യമന്ത്രിയുടെയും അദ്ദേഹം വഴി അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫായിരുന്ന രണ്ടു പേരുടെയും ഗൺമാൻറെയും അദ്ദേഹത്തിൻറെ ഡൽഹിയിലെ സഹായിയുടെയും സഹായം പ്രതിയായിരുന്ന പരാതിക്കാരിക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്.
- അന്നത്തെ ആഭ്യന്തരമന്ത്രി പോലീസ് ഉദ്യോഗസ്ഥർ മുഖേന അന്നത്തെ മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും ഒഴിവാക്കാനായി പരിശ്രമിച്ചു. മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും ഒഴിവാക്കാനായി പ്രത്യേക അന്വേഷണസംഘം ധാരാളം ആയാസപ്പെടുകയുണ്ടായി.
- അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി മുൻ എംഎൽഎയായ ശ്രീ തമ്പാനൂർ രവിയും എംഎൽഎയായിരുന്ന ശ്രീ ബെന്നി ബഹന്നാനും പ്രവർത്തിച്ചു.
- ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങൾ, ചില പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപാടുകളിൽ ആഴത്തിലുള്ള അന്വേഷണം പ്രത്യേകാന്വേഷണ സംഘം നടത്തിയില്ല.
- അന്നത്തെ ഊർജ്ജവകുപ്പു മന്ത്രി ടീം സോളാർ കമ്പനിയെ കഴിയാവുന്ന രീതിയിലൊക്കെ സഹായിച്ചിട്ടുണ്ട്.
- 19.07.2013ലെ സരിത എസ് നായരുടെ കത്തിൽ സൂചിപ്പിച്ചിട്ടുള്ള ആളുകൾക്ക് സരിതയും അവരുടെ അഭിഭാഷകനും ആയി ഫോൺ മുഖാന്തിരം നിരന്തര ബന്ധമുണ്ടായിരുന്നുവെന്ന് തെളിവിൻറെ അടിസ്ഥാനത്തിൽ കമ്മീഷൻ കണ്ടെത്തി.
- കമ്മീഷന് മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിൻറെ അടിസ്ഥാനത്തിൽ അഴിമതിയും, നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട എല്ലാ വ്യക്തികൾക്കും എതിരായി അഴിമതി തടയൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണോ എന്ന കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കമ്മീഷൻ ശിപാർശ ചെയ്യുന്നു.
കമ്മീഷൻറെ കണ്ടെത്തലുകളെ തുടർന്നുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു.
സോളാർ തട്ടിപ്പുകേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ ആയ കേസല്ല. ആ കേസിൻറെ തുടക്കം മുതൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ കോൺഗ്രസ്സുകാരാണ്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. അന്നും ഇന്നും അതുതന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപരമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. സോളാർ തട്ടിപ്പു പരാതികൾ ഉയർന്നു വന്ന ഘട്ടത്തിലും അതിൽ അന്നത്തെ ഭരണ നേതൃത്വത്തിൻറെയും അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നപ്പോഴും ഇപ്പോൾ സി ബി ഐ അന്വേഷണ റിപ്പോർട്ടിൻറെ പേരിൽ പ്രതിപക്ഷം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ഞങ്ങളുടെ നേരത്തെ എടുത്ത നിലപാടിൽ മാറ്റമില്ല.
അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലിൽ ശ്രീധരൻനായർ കോൺഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. അദ്ദേഹത്തിൻറെ മൊഴിയിൽ ആണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുറിയിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പിൻറെ അടിസ്ഥാനത്തിലാണ് താൻ പണം കൈമാറ്റം ചെയ്തുവെന്നാണ് അദ്ദേഹത്തിൻറെ മൊഴി. ഇതിൽ എവിടെയാണ് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ പങ്ക്?
അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം അക്കാലത്ത് ഉന്നയിച്ചതും മാധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം പ്രസ്താവന നടത്തിയതും അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി ഒരു ഘട്ടത്തിൽ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയിൽ പരാതിക്കാരിയേയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയിൽ താൻ കണ്ടുവെന്ന് മുൻ ചീഫ് വിപ്പ് പറഞ്ഞതിൻറെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാണ്. ഇതിൽ ഞങ്ങൾ എവിടെയാണ്? പാതിരാത്രിയിൽ വിവാദനായികയെ കോൺഗ്രസ് മന്ത്രിമാരും, നേതാക്കളും വിളിച്ചത് കോൺഗ്രസിൻറെ ഭരണഘടന പഠിപ്പിക്കാൻ അല്ലല്ലോ എന്ന് പരിഹസിച്ചത് ഒരു മുൻ കെപിസിസി അധ്യക്ഷനും നിലവിലെ ലോക്സഭാംഗവുമായ ഒരു ബഹുമാന വ്യക്തിയാണ്.
നിങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിൽ വേട്ടയാടലിനെക്കുറിച്ച് വാചാലരാവുകയാണ്. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വേട്ടയാടലുകളെക്കുറിച്ച് ഒരു സംവാദം നടക്കുന്നത് സ്വാഗതാർഹമാണ്. സോളാർ കേസിൽ വേട്ടയാടലുകൾ ആരു തുടങ്ങി, ആര് തുടർന്നു എന്നുള്ളത് മേൽപ്പറഞ്ഞ ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ പകൽപോലെ വ്യക്തമാവുകയാണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ എന്ന നിലയിലും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ എന്ന നിലയിലും പ്രതിഷേധം ഉയർത്തുവാൻ ഞങ്ങൾ തയ്യാറാവുക സ്വാഭാവികമാണ്. അത് ഒരിക്കലും വ്യക്തികളെ വേട്ടയാടാൻ വേണ്ടിയുള്ളതായിരുന്നില്ല. ഞങ്ങൾ നടത്തിയ സമരത്തിൻറെ ഭാഗമായി അനിഷ്ടസംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനെ അപലപിക്കാനും ഞങ്ങൾ മടികാണിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിൽ വേട്ടയാടലുകളുടെ ഒരു ചരിത്രമുണ്ട്. അതു പറഞ്ഞാൽ പ്രമേയാവതാരകൻറെ പാർട്ടിക്ക് അത്ര സുഖകരമായിരിക്കില്ല.
1957-59 കാലഘട്ടത്തിൽ ആദ്യ നിയമസഭയിൽ പ്രതിപക്ഷ നേതാവായും പിന്നീട് 1960-64 ൽ നിലവിൽ വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോ എന്ന മനുഷ്യൻറെ പേര് നിങ്ങൾ മറന്നുപോയോ? ഒരു സംഭവത്തിൻറെ പേരിൽ അദ്ദേഹത്തെ അന്നത്തെ കോൺഗ്രസ് ഗ്രൂപ്പുകൾ ഏതു രീതിയിലാണ് വിമർശിച്ചത്? ഇത് വേട്ടയാടലാണോ അല്ലയോ എന്നത് ഞാൻ പറയേണ്ട കാര്യമില്ല. കാര്യങ്ങൾ അവിടെ നിന്നില്ല. ബഹുമാനപ്പെട്ട ശ്രീ കെ കരുണാകരൻ 1994 ൽ മുഖ്യമന്ത്രിപദം രാജിവെയ്ക്കുന്നതിനു മുമ്പായി തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച വാക്കുകൾ ഞാനിവിടെ ഉദ്ധരിക്കുന്നില്ല. തന്നെ പിന്നിൽനിന്നും കുത്തിയ സ്വന്തം പാർട്ടിയിലെ ചില നേതാക്കൻമാരെപ്പറ്റിയും താൻ വിധേയനായ വേട്ടയാടലുകളെപ്പറ്റിയും പറഞ്ഞത് ഈ ഘട്ടത്തിൽ സ്മരണീയമാണ്.
1991-96 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു ശ്രീ പി.വി നരസിംഹ റാവു. അദ്ദേഹം നടപ്പാക്കിയ നവലിബറൽ സാമ്പത്തിക പരിഷ്ക്കരണങ്ങളെയും അന്നത്തെ അഴിമതികളെയും രാജ്യത്തെ ഇടതുപക്ഷം അതിശക്തമായി എതിർത്തിട്ടുണ്ട്. എന്നാൽ, അദ്ദേഹം മരിച്ചപ്പോൾ താൻ അധ്യക്ഷനായിരുന്ന പാർട്ടിയുടെ ഓഫീസിൻറെ കവാടങ്ങൾ അദ്ദേഹത്തിൻറെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് അടഞ്ഞുകിടക്കുകയുണ്ടായി എന്നതായിരുന്നു വാർത്തകൾ. ഇത് പകയാണോ, വേട്ടയാടലാണോ?
ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും തൊഴിലാളികളുടെയും കർഷകരുടെയും പാവപ്പെട്ട മനുഷ്യരുടെയും പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്തിട്ടുള്ള പ്രമുഖ ദേശീയ നേതാവായ എ കെ ജി ശയ്യാവലംബിയായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ 1977 ലെ തിരഞ്ഞെടുപ്പ് ഘട്ടമായിരുന്നു. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന മുദ്രാവാക്യം പ്രമേയാവതാരകൻറെ മുൻതലമുറക്കാർ വിളിച്ചത് നമുക്ക് ഇന്നും ഓർമ്മയുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പകപോക്കാനും വേട്ടയാടാനുമുള്ള അടിസ്ഥാനമാണെന്ന് നിരന്തരം നിങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തെറ്റായ കീഴ് വഴക്കമാണെന്ന് ഇപ്പോഴെങ്കിലും അംഗീകരിക്കാൻ തയ്യാറുണ്ടെങ്കിൽ അത്രയും നല്ലത്.
നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു പക്ഷഭേദവും കാണിക്കാതെ മുന്നോട്ടുപോകാൻ മടിയില്ലാത്ത സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. എന്നാൽ, ലഭ്യമല്ലാത്ത റിപ്പോർട്ടിൽ ഉണ്ടെന്നു പറയപ്പെടുന്ന പരാമർശങ്ങളുടെ പേരിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം നിങ്ങൾക്ക് അറിയാത്തതല്ല. ഇവിടെ ഞങ്ങളാരും ആരെയും വേട്ടയാടിയിട്ടില്ല. ആരാണ് വേട്ടയാടിയത് എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. കെട്ടടങ്ങിയ ഒരു വിഷയത്തെ ഇവിടെ ഈ സഭയിൽ ചർച്ചയ്ക്ക് അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നത് തന്നെ ആ തരത്തിലുള്ള വേട്ടയാടലല്ലേ? മറുപടി നിങ്ങൾ പറയുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്നു നടക്കുന്ന ഗൂഢനീക്കങ്ങൾ തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാണ് ഇന്നാട്ടിലെ ജനങ്ങൾ.
ദല്ലാൾ കഥ നിങ്ങളുടെ ആവശ്യത്തിന് കെട്ടിച്ചമക്കുന്ന കഥയാണ്. അത്ര പെട്ടെന്ന് എന്റടുത്തു വരാനുള്ള മാനസികാവസ്ഥ അയാൾക്ക് കാണില്ലെന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ. മുമ്പ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് താൻ. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്. സോളാർ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തിൽ വന്ന് മൂന്നുമാസം കഴിഞ്ഞാണ്.
വന്ന പരാതിയിൽ നടപടി സ്വീകരിച്ചു എന്നല്ലാതെ രാഷ്ട്രീയമായി ഒരു തരത്തിലുള്ള ഇടപെടലും അന്വേഷണ ഘട്ടത്തിൽ എടുത്തിട്ടില്ല. ഒന്നേ ഞാൻ പറയുന്നുള്ളൂ. ഇവിടെ കോൺസ്പിറസി നടന്നു എന്ന് നിങ്ങൾ പറഞ്ഞു. അതിൽ അന്വേഷണം വേണമെന്നും പറഞ്ഞു. ആ സിബിഐ റിപ്പോർട്ടിന്റെ ഭാഗമായി നിങ്ങൾ ഉന്നയിക്കാനുള്ള കാര്യങ്ങൾ ഉന്നയിക്കുക. അതിൽ നിയമപരമായ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. വസ്തുതകളുടോയോ ന്യായത്തിൻറെയോ പിൻബലം നിങ്ങൾക്കില്ല. അതുകൊണ്ട്, ഈ ചർച്ചകളുടെ വെളിച്ചത്തിൽ പ്രമേയം തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.
English Summary: Solar Case; Full text of Chief Minister’s reply.