‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്’; നിയമസഭയില്‍ കെ ടി ജലീല്‍

സോളാർ കേസിൽ കോൺഗ്രസിന്റെ പങ്ക് എണ്ണിപ്പറഞ്ഞ് ജലീൽ.

0
134

തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസിന്റെ പങ്കാളിത്തവും കപടമുഖവും തുറന്നുകാട്ടി കെ ടി ജലീല്‍. ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസുകാരും യുഡിഎഫും തന്നെയാണെന്ന് തെളിവുകൾ നിരത്തിയാണ് കെ ടി ജലീൽ മറുപടി പ്രസംഗം നടത്തിയത്.

“മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങളുടെ പക്ഷത്തു തന്നെയാണ്” ഇങ്ങനെയാണ് ജലീൽ പ്രസംഗം തുടങ്ങിയത്. സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല. കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ? ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മറ്റ് ചാനലുകളാണ് നൽകിയത്.

സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താങ്കളുടെ ശത്രുക്കൾ താങ്കളോടൊപ്പമാണെന്ന് ചാണ്ടി ഉമ്മനോട് പറഞ്ഞു. ചാരവൃത്തി കേസിന് ശേഷം കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു കേസാണ് സോളാർ കേസ്. യുഡിഎഫ് സർക്കാരാണ് സോളാർ തട്ടിപ്പ് കേസിൽ സരിതയെ അറസ്റ്റ് ചെയ്യുന്നത്. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജോപ്പനെയും ഗൺമാൻ സലീം രാജിനെയും നീക്കം ചെയ്തത് പിണറായി വിജയൻ ആണോ എന്നും അദ്ദേഹം ചോദിച്ചു.

നിങ്ങൾ നിയോഗിച്ച ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയത് ആരാണെന്നും ഈ രക്തത്തിൽ നിങ്ങൾക്ക് മാത്രമാണ് പങ്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary: Jalil enumerates the role of Congress in the solar case.