സോളാർ: രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച യുഡിഎഫുകാർ ഈ സഭയിലുണ്ട്; അവരുടെ പേര് വെളിപ്പെടുത്താത്തത് എന്റെ അന്തസ്- കെ ബി ഗണേഷ് കുമാർ

വളഞ്ഞ വഴിയിൽ വേല വയ്‌ക്കേണ്ട കാര്യമില്ലെന്നും സത്യമാണ് ദൈവമെന്നും ഗണേഷ്.

0
207

തിരുവനന്തപുരം: സോളാർ കേസ് ഗൂഢാലോചനയിൽ മറുപടിയുമായി കെ ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിനോ ബാലകൃഷ്ണപിള്ളക്കോ ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമേയുള്ളൂ. തനിക്ക് വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യമില്ല. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിച്ച നേതാക്കൾ ഇപ്പോഴും ഈ സഭയിൽ ഉണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് തന്റെ അന്തസാണെന്നും വേണ്ടിവന്നാൽ അപ്പോൾ പറയാമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.

സോളാ‍ർ കേസിൽ ഇതുവരെ പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. താൻ ഒരു തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ ചോദിച്ചപ്പോൾ ഉമ്മൻചാണ്ടിയെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. അച്ഛൻ ബാലകൃഷ്ണപിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയത് എന്നാണ്. ഇത് സിബിഐ രേഖപ്പെടുത്തിയിട്ടുണ്ടാകും. സോളാർ സമയത്ത് സഹായത്തിനായി കോൺഗ്രസ് നേതാക്കൾ പിതാവിനെ സമീപിച്ചു.

കപട സദാചാരം നടിച്ച് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല താൻ. ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാൽ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല തനിക്ക്. 2013 ഏപ്രിൽ ഒന്നിന് യുഡിഎഫ് സർക്കാരിൽ നിന്ന് രാജിവച്ചു. ഉമ്മൻ ചാണ്ടിയുടെ കയ്യിൽ രാജിക്കത്ത് നിർബന്ധിച്ച് ഏൽപ്പിച്ചതായിരുന്നു. എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട. വീട്ടിലിരിക്കേണ്ടിവന്നാലും യുഡിഎഫിലേക്കില്ല. അഭയം നൽകിയ എൽഡിഎഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലും ഉദിക്കുന്നില്ല.

ശരണ്യ മനോജ് തന്റെ ബന്ധുവാണ്, അത് നിഷേധിക്കുന്നില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടിക്ക് വേണ്ടി പ്രസംഗിച്ച ആളാണ് മനോജ്. ശരണ്യ മനോജ് രാഷ്ട്രീയമായി തനിക്കെതിരാണ്. അയാൾ പോലും തനിക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. തന്റെ പിതാവ് ചില കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. രക്ഷിക്കണം എന്ന് പറഞ്ഞ നേതാക്കൾ ഇപ്പോൾ സഭയിൽ ഉണ്ട്. തൽക്കാലം അവരുടെ പേര് താൻ പറയുന്നില്ല. നിർബന്ധിച്ചാൽ തനിക്ക് പറയേണ്ടിവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ല എന്ന് തെളിയാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം സിബിഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

English Summary: Congress leaders approached for help during solar Case.