നികുതി അടച്ച്‌ പ്രതിഫലം പറ്റുന്നത്‌ എങ്ങനെ ‘മാസപ്പടി’യാകും: ആരോപണങ്ങൾക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

രണ്ട് ഭാഗവും കേള്‍ക്കാത്ത റിപ്പോര്‍ട്ടിന് എങ്ങനെയാണ് ദിവ്യത്വം കല്‍പ്പിക്കാനാകുക.

0
565

തിരുവനന്തപുരം: ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്‌നം. സര്‍വീസ് കൊടുത്തതിന് കിട്ടിയ പ്രതിഫലമാണ്. രണ്ട് കമ്പനികള്‍ പരസ്പരം നടത്തിയ ഇടപാടാണ്. ഇതില്‍ എന്ത് ബന്ധുത്വം. ബന്ധുത്വം വരുന്നത് എങ്ങനെയാണ് ഇതില്‍, രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടല്ലേ. രണ്ട് ഭാഗവും കേള്‍ക്കാത്ത റിപ്പോര്‍ട്ടിന് എങ്ങനെയാണ് ദിവ്യത്വം കല്‍പ്പിക്കാനാകുക. ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മറുപടിയുടെ പൂർണ്ണരൂപം താഴെ:
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ കമ്പനിയുടെ (സിഎംആര്‍എല്‍.) ആദായനികുതി നിര്‍ണ്ണയത്തില്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളില്‍ ലഭ്യമായ ചില പകര്‍പ്പുകളില്‍ നിന്നും പൊതുമണ്ഡലത്തില്‍ ചില കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക പകര്‍പ്പ് കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, ലഭ്യമായ വിവരം വച്ചുകൊണ്ടാണ് ഈ മറുപടി പറയുന്നത്.

ഒരു ആദായനികുതി ദായകന് സാധാരണ അപ്പീല്‍ പ്രക്രിയയ്ക്ക് ബദലായി ജീവിതത്തിലൊരിക്കല്‍ Full and True Disclosure (പൂര്‍ണ്ണവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍) നടത്തി ആദായനികുതി നിയമം 245 ഡി വകുപ്പു പ്രകാരം സെറ്റില്‍മെന്റ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഇത് ഒരു ഒത്തുതീര്‍പ്പിനു തുല്യമാണ്. ഇതിന്മേല്‍ അപ്പീലില്ല. ഇത് നികുതിദായകനും ആദായ നികുതി വകുപ്പും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ്. 2021 ല്‍ കേന്ദ്ര ഫിനാന്‍സ് ആക്ട് സെറ്റില്‍മെന്റ് കമ്മീഷന്‍ ഉടന്‍ പ്രാബല്യത്തില്‍ നിര്‍ത്തലാക്കുകയും അതുവരെ രാജ്യത്തെ വിവിധ സെറ്റില്‍മെന്റ് കമ്മീഷന്‍ മുമ്പാകെ തീര്‍പ്പാകാതെ കിടന്നിരുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനായി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു. ഈ ബോര്‍ഡിലെ അംഗങ്ങള്‍ ആദായനികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ്.

സിവില്‍ കോടതിയുടെ അധികാരമുള്ള ബോര്‍ഡിന്റെ അര്‍ദ്ധ ജുഡീഷ്യല്‍ ഓര്‍ഡര്‍ എന്നു പറയുമ്പോഴും ഈ ഉത്തരവ് എഴുതുന്നത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്.

സി എം ആര്‍ എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റില്‍മെന്റില്‍ എക്‌സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ല.

സെറ്റില്‍മെന്റ് ഉത്തരവിലെ ഒരു പരാമര്‍ശത്തിന്മേലാണ് ആരോപണം ഉന്നയിക്കുന്നത്. സി എം ആര്‍ എല്ലില്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 132 പ്രകാരം 25.01.2019 ന് ഒരു പരിശോധന നടന്നിരുന്നുവെന്നും ആ പരിശോധനയില്‍ എക്‌സാലോജിക്കുമായി ഏര്‍പ്പെട്ടിട്ടുള്ള ഒരു കരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ ആദായനികുതി നിയമം 132 (4) പ്രകാരം ഒരു സത്യപ്രസ്താവന നല്‍കിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിനെ അറിയിച്ചതായി കാണുന്നു.

ഇവിടെ എടുത്തുപറയേണ്ട ചില കാര്യങ്ങളുണ്ട്:

(1) എക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസ്സിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ്സ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സി എം ആര്‍ എല്‍.

(2) സി എം ആര്‍ എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജി എസ് ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. മറിച്ച് പരിശോധനയിലോ അന്വേഷണത്തിലോ കണ്ടെത്തിയ വസ്തുതയല്ല ഇത്.

(3) വകുപ്പിലെ 132 (4) ലെ സത്യപ്രസ്താവനയിലെ തെളിവുമൂല്യം അപരിമിതമല്ല. നികുതിനിര്‍ണ്ണയം നടത്തുന്ന ഉദ്യോസ്ഥനുമുമ്പാകെയോ സെറ്റില്‍മെന്റ് ബോര്‍ഡിനു മുമ്പാകയോ ഈ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടു മാത്രം ഒരു നിഗമനത്തിലെത്തിച്ചേരുന്നത് നിയമപരമായി ശരിയല്ല. ഒരു പരിശോധനയുടെ ഭാഗമായി മറ്റൊരു വ്യക്തിക്കെതിരെ ഒരു സത്യപ്രസ്താവനയില്‍ പരാമര്‍ശമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ഭാഗം കേള്‍ക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം സ്വാഭാവിക നീതി നടപ്പാക്കാന്‍ ബാധ്യസ്ഥരായ ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് അധികാരികളുടെ മേല്‍ നിക്ഷിപ്തമാണ്. അതിവിടെ നടന്നിട്ടില്ല. തെളിവു നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം മറുഭാഗം കേള്‍ക്കാതെ നടത്തുന്ന നിരീക്ഷണങ്ങള്‍ക്ക് ഒരു ജുഡീഷ്യല്‍ മൂല്യം കല്‍പ്പിക്കാനാവില്ല.

(4) മേല്‍പ്പറഞ്ഞ സത്യപ്രസ്താവന പ്രസ്താവന നല്‍കിയവര്‍ പിന്നീട് സ്വമേധയാ പിന്‍വലിച്ചിട്ടുണ്ടെന്ന വസ്തുത ഇന്ററിം സെറ്റില്‍മെന്റിന്റെ ഉത്തരവില്‍തന്നെ പറഞ്ഞിട്ടുള്ളതായി മനസ്സിലാക്കുന്നു. ഈ പിന്‍വലിക്കല്‍ നിലനില്‍ക്കില്ലായെന്ന ആദായനികുതി വകുപ്പിന്റെ വാദഗതി യാതൊരു വിശകലനവും കൂടാതെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ സ്വീകരിച്ചതായാണ് കാണപ്പെടുന്നത്.

(5) സത്യപ്രസ്താവന നല്‍കുന്ന വ്യക്തിക്ക് ആദായനികുതി പരിശോധനാ സമയത്ത് അതിന്റെ പകര്‍പ്പ് ലഭ്യമാകുന്നില്ല. പരിശോധനയ്ക്കു മദ്ധ്യേ പലവിധ സമ്മര്‍ദ്ദങ്ങളാലും നല്‍കപ്പെടുന്ന പ്രസ്താവനകള്‍ പിന്നീട് പിന്‍വലിക്കപ്പെടുന്നുണ്ട്. പകര്‍പ്പ് ലഭ്യമായപ്പോള്‍ അത് വായിച്ചുമനസ്സിലാക്കി പിന്‍വലിച്ച പ്രസ്താവനയെയാണ് ആത്യന്തിക സത്യമായി (ultimate truth) അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇക്കാര്യങ്ങള്‍ നിലനില്‍ക്കെത്തന്നെ അഴിമതിനിരോധന നിയമത്തെപ്പറ്റി ആരോപണത്തില്‍ പറയുകയാണ്. ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ (public servant) എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം (whisper) പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോ?

സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കെ എസ് ഐ ഡി സിക്ക് സി എം ആര്‍ എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെ എസ് ഐ ഡി സിക്ക് സി എം ആര്‍ എല്ലില്‍ മാത്രമല്ല നാല്‍പ്പതോളം കമ്പനികളില്‍ ഓഹരിയുണ്ട്. സി എം ആര്‍ എല്ലില്‍ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991 ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സി എം ആര്‍ എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെ എസ് ഐ ഡി സിക്ക് യാതൊരു പങ്കുമില്ല എന്നതും ഇവിടെ കാണേണ്ടതുണ്ട്.

‘മാസപ്പടി’ എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.

സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് ബഹു. അംഗം ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണം.

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാല്‍ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണ്.

ഒരു ക്വാസൈ ജുഡീഷ്യല്‍ സ്വഭാവമുള്ള ഉത്തരവ് പാസ്സാക്കിയിരിക്കുന്നത് മൂന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ആരോപണം ഉന്നയിച്ച നിയമസഭാ അംഗത്തിലെ പാര്‍ട്ടിയിലെ അഖിലേന്ത്യാ നേതൃനിരയില്‍പ്പെട്ട രണ്ടു വ്യക്തികള്‍ക്കെതിരെ ആദായനികുതി വകുപ്പും അപ്പലേറ്റ് ട്രൈബ്യൂണലും ഉത്തരവുകള്‍ പാസ്സാക്കിയിട്ടുണ്ട്. അവരുടെ ഭാഗം കേട്ടശേഷമാണ് ഇത് പാസ്സാക്കിയിട്ടുള്ളത്. അതിന്റെ സ്വഭാവം കുറേക്കൂടി ക്വാസൈ ജുഡീഷ്യലാണ്. ഇവിടെ മറുഭാഗം കേള്‍ക്കാതെ, വിശകലനം നടത്താതെ, നടത്തിയ നിരീക്ഷണങ്ങള്‍ക്ക് കല്പിക്കുന്ന ദിവ്യത്വം അവിടെക്കൂടി കല്‍പ്പിക്കാന്‍ നിങ്ങളുടെ രാഷ്ട്രീയം നിങ്ങളെ അനുവദിക്കുമോ?

കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്‍ ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യല്‍ ഓര്‍ഡറിന്റെ പാവനത്വം നല്‍കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങള്‍ പരിശ്രമിച്ചത്.

ദേശീയതലത്തില്‍ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷികളായ ബി ജെ പി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായം ഉള്ളവരാണ്. പക്ഷെ വാളയാര്‍ ചുരത്തിനിപ്പുറം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള സഖ്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത കാണേണ്ടതുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.