ആരോഗ്യ രംഗത്ത് നേട്ടം; കാസർകോട് ജില്ലയിൽ ആദ്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തി

75 വയസുകാരിക്കാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്.

0
195

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പേസ്‌മേക്കര്‍ ചികിത്സ നടത്തി. സര്‍ക്കാര്‍ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദേശ പ്രകാരം ഹോള്‍ട്ടര്‍ ടെസ്റ്റ് നടത്തി. ഹോള്‍ട്ടര്‍ ടെസ്റ്റില്‍ ഹൃദയമിടിപ്പില്‍ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കര്‍ ചികിത്സ നടത്തിയത്. കാര്‍ഡിയോളജിസ്റ്റുകളായ ഡോ. രാജി രാജന്‍, ഡോ. പ്രവീണ, അനേസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. റാണ, എസ്.എന്‍.ഒ. ജെന്‍സി, നഴ്‌സിംഗ് ഓഫീസര്‍മാരായ രമ്യ, ജിഷ, ദിവ്യ അഞ്ജു, അല്‍ഫോന്‍സ, ടെക്നിഷ്യന്‍മാരായ അഖില്‍, അമൃത, ഗ്രേഡ്-2 ശ്രീജിത്ത് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി പൂര്‍ത്തിയാക്കി.

കാസർകോടിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാത്ത്‌ലാബില്‍ ഇതുവരെ 200 ഓളം ആന്‍ജിയോഗ്രാം, 75 ഓളം ആന്‍ജിയോ പ്ലാസ്റ്റി, ടെമ്പററി പേസ്‌മേക്കര്‍, പെര്‍മനന്റ് പേസ്‌മേക്കര്‍, പേരികാര്‍ഡിയല്‍ ടാപ്പിംഗ്, ഐവിയുഎസ് എന്നീ പ്രൊസീജിയറുകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലൂടെ തികച്ചും സൗജന്യമായാണ് ഒട്ടുമിക്ക ആന്‍ജിയോപ്ലാസ്റ്റികളും ചെയ്യാന്‍ സാധിച്ചത്.

English Summary: The treatment was provided free of cost through the govt scheme.