പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

0
128

പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഇഡി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്കു ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ ഇഡി കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.

വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടു സുധാകനരെ ഓഗസ്റ്റ് 22 നു ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. മോൺസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ സുധാകരൻ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൺസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നു. സുധാകരൻ മോൺസന്റെ കൈയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം ടി ഷമീർ പരാതി നൽകിയിരുന്നു.

സുധാകരനു പുറമെ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിൽ പ്രതികളാണ്. സുധാകരൻ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരെ ഈ കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.