ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്; ആന്ധ്ര ബന്ദില്‍ വ്യാപക സംഘര്‍ഷം

രാജമുണ്ട്രി സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് നായിഡു.

0
135

അമരാവതി: നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്‍തതിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ ടിഡിപി ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക സംഘർഷം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. വെസ്റ്റ് ഗോദാവരിയിലും തിരുപ്പതിയിലും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. റോഡുകളില്‍ സ്ത്രീകള്‍ അടക്കം കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തി. ദേശീയപാതകളിൽ അടക്കം ഗതാഗത തടസമുണ്ടാക്കി. ചിറ്റൂരിൽ സർക്കാർ വാഹനം എറിഞ്ഞു തകർത്തു. ഈസ്റ്റ് ഗോദാവരി ജില്ലാ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടിഡിപി ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമാണ്.

അതിനിടെ, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. അതേസമയം, ചന്ദ്രബാബു നായിഡുവിനെ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിഐഡി വിഭാഗം വിജയവാഡ എസിബി കോടതിയില്‍ അപേക്ഷ നല്‍കി.

വിജയവാഡ എസിബി കോടതി റിമാൻഡ് ചെയ്ത ചന്ദ്രബാബു നായിഡുവിനെ രാജമുണ്ട്രി സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മരുന്നും ലഭ്യമാകുന്ന, പ്രത്യേക സൗകര്യങ്ങളുളള മുറിയാണ് ജയിലിൽ നൽകിയിട്ടുളളത്. ഭീഷണിയുളളതിനാൽ ഇസഡ് പ്ലസ് കാറ്റ​ഗറി സുരക്ഷയും ഏർപ്പെടുത്തി.

ശനിയാഴ്ച നന്ദ്യാലയിൽ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കിയത്.

English Summary: TDP supporters burn tyre during their protest.