മൊറോക്കോ; മരണം 2000 കടന്നു, കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍

ഭൂകമ്പം ഭയന്ന് രണ്ടാംദിനവും ജനങ്ങള്‍ തെരുവിലാണ് കിടന്നുറങ്ങിയത്.

0
250

റബറ്റ്: മൊറോക്കോയെ പിടിച്ചുലച്ച വൻഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. 1404 പേരുടെ നില ഗുരുതരമാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍ ഇടിഞ്ഞുവീണ പാറക്കഷണങ്ങൾക്കും ഇടയിൽപ്പെട്ട് കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മോറോക്കോ രാജാവ് മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് താമസവും, ഭക്ഷണവും മറ്റ് സഹായങ്ങളും ഉറപ്പാക്കുമെന്നും രാജാവ് അറിയിച്ചു. അൽഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. മാരുക്കേഷ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. തൊട്ടുപിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. പർവതപ്രദേശങ്ങളിൽ ഭൂചലനത്തിന്റെ ആഴം കൂടുതലാണെന്നാണ് വിലയിരുത്തല്‍. പ്രഭവകേന്ദ്രത്തിന് 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നീ മേഖലകളിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.

കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. റോഡുകളും പാലങ്ങളുമെല്ലാം നിലംപൊത്തി. ചരിത്ര സ്മാരകങ്ങളും പൈതൃക നഗരങ്ങളും തകർന്നു. ദുരന്തമേഖലകളിൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല. തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളിലടക്കം രക്ഷാപ്രവർത്തനം തുടരുകയാണ്.

ഭൂകമ്പം ഭയന്ന് രണ്ടാംദിനവും ജനങ്ങള്‍ തെരുവിലാണ് കിടന്നുറങ്ങിയത്. ലോകരാജ്യങ്ങൾ മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ച് രം​ഗത്തെത്തി. ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ സഹായങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

 

English Summary: Morocco earthquake; damages historic landmarks and topples buildings.