കേരളത്തെ 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി

കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പിണറായി.

0
227

കണ്ണൂർ: പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായികരംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണയാണ് നൽകുന്നത്. 1500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണം. ഇതിനായി താഴെത്തട്ടില്‍ കായിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക്‌ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായാണ്‌ സിന്തറ്റിക് ട്രാക്ക് നിർമിച്ചത്. ബ്രണ്ണൻ കോളേജിലെയും സായിയിലെയും വിദ്യാർഥികളുടെ കായിക വികസനത്തിന് പുതിയ ട്രാക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സ്പോർട്‌സ് കോംപ്ളക്സിന് സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

7.35 ഏക്കറിൽ 9.09 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്‌. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. എട്ടുവരിയിലാണ്‌ ട്രാക്ക്‌. ഹൈജമ്പ്, ലോങ്‌ ജമ്പ്, ഡിസ്കസ് ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഫുട്‌ബോൾ പരിശീലനവും സാധിക്കുന്ന തരത്തിലാണ് ട്രാക്ക് നിർമിച്ചത്. കായികമന്ത്രി വി അബ്ദു റഹ്മാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

English Summary: Pinarayi said that sports culture should be developed.