കെ സുധാകരനും തോറ്റിട്ടുണ്ട്; മൂന്നല്ല, അഞ്ചുതവണ, മാധ്യമങ്ങളുടെ തലമണ്ടക്കടിച്ച് സോഷ്യൽ മീഡിയ

പുതുപ്പള്ളിയുടെ അമിതാഹ്ലാദവുമായി വന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തുറന്നുകാട്ടി സൈബർ ലോകം.

0
7785

തിരുവനന്തപുരം: പുതുപ്പള്ളിയിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ മീഡിയ ലിഞ്ചിങ്ങിന് വിധേയമാക്കുന്ന മാധ്യമങ്ങളുടെ തലമണ്ടക്കടിച്ചും ഒരു വിഭാഗം മാധ്യമപ്രവർത്തകരുടെ തനിനിറം തുറന്നുകാട്ടിയും തൊലിയുരിച്ചും സമൂഹ മാധ്യമങ്ങൾ. വസ്തുതയുടെ കണിക പോലുമില്ലാതെ തങ്ങളുടെ മനോധർമത്തിനനുസരിച്ച് വായിൽ തോന്നിയത് തള്ളുന്ന മാധ്യമപ്രവർത്തകരെ തെളിവുകൾ സഹിതം തുറന്നുകാട്ടുന്നു. ഈ മാധ്യമപ്രവർത്തകരുടെ തള്ളൽ കേട്ട് പോസ്റ്റിടുന്ന സുധാകര- സതീശാദി രാഹുലന്മാർക്കും കണക്കിന് കൊടുക്കുന്നുണ്ട് സോഷ്യൽ മീഡിയ.

കൃത്യമായി രാഷ്ട്രീയം പറഞ്ഞും വികസനത്തെപ്പറ്റി സംസാരിച്ചുമാണ് ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് സമൂഹ മാധ്യമങ്ങൾ ഓർമിപ്പിക്കുന്നു. എന്തിനും ഏതിനും അപ്പ അപ്പ എന്ന് മാത്രം സഹതാപം പറഞ്ഞും നാടകം കളിച്ചും കണ്ണീരൊഴുക്കിയും വോട്ട് നേടലല്ല ജനാധിപത്യമെന്നും സമൂഹ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെയ്ക്കിന്റെ പരാജയത്തെപ്പറ്റി പരിഹസിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്ത യുഡിഎഫ് മുഖപത്രം മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മീഡിയ വൺ, റിപ്പോർട്ടർ എന്നിവയ്ക്കും കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തിയ ലേഖകർക്കും കണക്കിന് കൊടുക്കുന്നുമുണ്ട്.

മൂന്നാംവട്ടവും മത്സരിച്ചു തോറ്റതാണോ ജെയ്ക്ക് സി തോമസ് ചെയ്ത അപരാധം എന്ന് ചോദിക്കുന്ന സോഷ്യൽ മീഡിയ മൂന്നല്ല, അഞ്ചും ആറും തവണ തോറ്റവരെപ്പറ്റിയുള്ള കണക്ക് തെളിവുകൾ സഹിതം നിരത്തുന്നു. മാധ്യമങ്ങളും കോൺഗ്രസുകാരും മലർന്നുകിടന്ന് തുപ്പരുതെന്നും കണക്കുകൾ പുറത്തുവന്നാൽ പോസ്റ്റിടാൻ ഏറെ വിയർക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എടക്കാട് ഹാട്രിക്ക് തോൽവി ‘ഇരന്നുവാങ്ങിയ’ ആളാണ്. ജെയ്ക്ക് മൂന്ന് തവണ പരാജയപ്പെട്ടുവെന്ന് അമിതാഹ്ലാദം കൊള്ളുന്ന മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും മീഡിയ വണ്ണുമൊക്കെ മുൻകാലങ്ങളിലെ തോൽവിയുടെ കണക്കുകൾ നിർത്തിയുള്ള ഗ്രാഫിക്സോ സൈഡ് സ്റ്റോറിയോ ബാക്ക് ഫയലോ കൊടുത്തതുമില്ല. കാരണം ഇങ്ങനെ തുടർച്ചയായി അഞ്ചും ആറും തവണ തോറ്റമ്പിയത് ഇന്നത്തെ പല കോൺഗ്രസ് നേതാക്കളാണ്. ഇവ മാധ്യമങ്ങൾ ബോധപൂർവം മുക്കിയതോടെയാണ് സമൂഹ മാധ്യമങ്ങൾ കണക്കുകൾ സഹിതം എടുത്ത് പുറത്തിട്ടത്.

തങ്ങൾ മുക്കിയ സംഗതികൾ ഓരോന്നായി പുറത്തുവന്നതോടെ ‘മാധ്യമ സിങ്കങ്ങൾ’ മാളത്തിലൊളിച്ചിരിക്കുകയാണ് ഇപ്പോൾ. മാധ്യമങ്ങളുടെ ഈ കഥയും പൊക്കിപ്പിടിച്ച് പോസ്റ്റിട്ട എം ലിജുവിന്റെയും ബിന്ദു കൃഷ്ണയുടെയും ഒക്കെ തോൽവിക്കണക്കുകൾ ഒന്നൊഴിയാതെ പുറത്തുവരികയും ചെയ്തു.

‘നിങ്ങൾ കരുതും പോലെ മാടമ്പള്ളിയിലെ യഥാർത്ഥ ലോക തോൽവി എം ലിജുവല്ല, അത് കെ സുധാകരനാണ്’ എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. എടക്കാട് മണ്ഡലത്തിലെ ഹാട്രിക് തോൽവികൾക്ക് പുറമേ തോൽവികളേറ്റു വാങ്ങാൻ സുധാകരന്റെ ജീവിതം പിന്നെയും ബാക്കിയായിരുന്നു എന്നും ഒരു കുറിപ്പിൽ പറയുന്നു. ജെയ്ക്ക് തോറ്റത്രെ. എന്നാൽ, അഞ്ചും ആറും തവണ തോറ്റ കുറച്ച് പേരുടെ കണക്ക് മാത്രമെടുക്കട്ടെ എന്ന് പറഞ്ഞാണ് തോറ്റമ്പിയ കോൺഗ്രസ് നേതാക്കളുടെ പേരും വിശദാംശങ്ങളും സോഷ്യൽമീഡിയ പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്കും ഇവ വൈറലായി.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തോൽവി ‘ഇരന്നുവാങ്ങിയതിന്റെ’ വിശദാംശങ്ങൾ. ഒരേ മണ്ഡലത്തിൽ ആദ്യമായി മൂന്നുതവണ തോറ്റത് കെ സുധാകരനാണ്. അതിങ്ങനെ- 1980ൽ എടക്കാട് മണ്ഡലത്തിൽ പിപിവി മൂസയോട് കെ സുധാകരൻ തോറ്റു. 1982ൽ എടക്കാട് തന്നെ എ കെ ശശീന്ദ്രനോട് കെ സുധാകരൻ തോറ്റു. 1991ൽ വീണ്ടും എടക്കാട് മണ്ഡലത്തിൽ ഒ ഭരതനോട് കെ സുധാകരൻ തോറ്റു. തീർന്നില്ല. 1987ൽ തലശേരിയിൽ കെ സുധാകരൻ തോറ്റു. ഇതിനുശേഷം 2014ൽ കണ്ണൂരിൽ കെ സുധാകരൻ തോറ്റു. കണ്ണൂരിൽ നിന്നും മുങ്ങി കാസർകോട് ജില്ലയിലെ ഉദുമയിലെത്തി. 2016ൽ അവിടെയും കെ സുധാകരൻ തോറ്റു. ഇതിനിടയിൽ വേറൊരു കാര്യം കൂടിയുണ്ട്. എടക്കാട് രണ്ടുതവണ തൊട്ടപ്പോൾ മെല്ലെ തലശേരിക്ക് വച്ചുപിടിച്ചു. അവിടെയും നിലം തൊട്ടില്ല. അങ്ങനെയെങ്കിൽ ആദ്യ ഹാട്രിക്കും അല്ലല്ലോ തുടർച്ചയായി നാലാം തവണയാണ് കെ സുധാകരൻ ഭൂലോക തോൽവിയാകുന്നത്. എന്തേ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇത് പറയാത്തത് ?

സോഷ്യൽമീഡിയ പങ്കുവെക്കുന്ന മറ്റുചില കാര്യങ്ങൾ ഇങ്ങനെ. എം ലിജു മൂന്നുതവണ തോറ്റു. 2011 – അമ്പലപ്പുഴ, 2016 – കായംകുളം , 2021 ൽ വീണ്ടും അമ്പലപ്പുഴ. ബിന്ദു കൃഷ്ണയും മൂന്നുതവണ തോറ്റു. 2011 ൽ ചാത്തന്നൂരിൽ തോറ്റു. 2014ൽ ആറ്റിങ്ങൽ (ലോകസഭ) തോറ്റു. 2021ൽ കൊല്ലത്ത് തോറ്റു. ഷാനിമോൾ ഉസ്‌മാൻ നാലുതവണയാണ് തോറ്റത്. 2006ൽ പെരുമ്പാവൂരിൽ തോറ്റു. 2016ൽ ഒറ്റപ്പാലത്തും തോറ്റു. 2019ൽ ആലപ്പുഴ ലോകസഭ സീറ്റിൽ തോറ്റമ്പി. 2021 അരൂർ നിയമസഭാ സീറ്റിലും തോറ്റു.

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി തോറ്റത് അഞ്ച് തവണയാണ്. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ. 1996ൽ തളിപ്പറമ്പ് , 2001ൽ മലമ്പുഴ, 2006ൽ മലമ്പുഴ, 2016, 2021 വർഷങ്ങളിൽ കണ്ണൂർ.

സ്വന്തം തട്ടകമായ അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയെപ്പറ്റിയും പറയുന്നുണ്ട്. ലിസ്റ്റ് ഇനിയും തരാം. നിങ്ങൾ മലർന്ന് കിടന്ന് തുപ്പരുത് എന്ന് കോൺഗ്രസ് നേതാക്കളോടും വസ്തുതകൾ മുക്കുന്ന മാധ്യമങ്ങളോടും സോഷ്യൽ മീഡിയ തുറന്നടിക്കുന്നു.

Engalish Summary: Social media exposed the malayalam media lynching.