ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍; ഹൈക്കോടതിയെ സമീപിക്കാൻ ടിഡിപി

ആന്ധ്രയിലെങ്ങും കനത്ത ജാഗ്രത പുലർത്തി പൊലീസ്.

0
214

വിജയവാഡ: അഴിമതിക്കേസിൽ അറസ്‌റ്റിലായ ടിഡിപി നേതാവും ആന്ധ്രാ മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‌ ജാമ്യം നിഷേധിച്ച് അഴിമതി വിരുദ്ധ കേസുകൾ പരിഗണിക്കുന്ന കോടതി (എസിബി) കൂടിയായ വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ്‌ ടിഡിപി നീക്കം. അഡ്വ. സിദ്ധാർഥ് ലുത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അർധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. 409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു.

രാജ്മുന്ദ്രി ജയിലിലാക്കാണ് ചന്ദ്രബാബു നായിഡുവിന്റെ മാറ്റുക. 24-ാം തീയതി വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്. കോടതിയിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തുള്ള ജയിലിലേക്കുള്ള വഴി മുഴുവനും പൊലീസിന്‍റെയും അർധസൈനിക വിഭാഗത്തിന്റെയും വലയത്തിലാണുള്ളത്. സംസ്ഥാനമെമ്പാടും പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. മുതിർന്ന പല ടിഡിപി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ടിഡിപി പ്രവർത്തകർ പലയിടങ്ങളിലും റോഡുകൾ ഉപരോധിച്ചു. രാത്രി ഏറെ വൈകിയും പ്രതിഷേധത്തെതുടർന്നുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ശനിയാഴ്ച ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തൽ.

English Summary: Chandrababu Naidu arrested in corruption case.