തേനീച്ചക്കൂട്ടം ഇളകി; പ്രതിഷേധത്തിനെത്തിയ ബിജെപിക്കാരെ ഓടിച്ചിട്ട് കുത്തി, എംപി അടക്കമുള്ളവർക്ക് പരിക്ക്

കോൺഗ്രസുകാർ കല്ലെറിഞ്ഞതുകൊണ്ടാണ് തേനീച്ചകൾ ഇളകിയതെന്ന് ബിജെപി.

0
189

കോലാർ: കർണാടകത്തിൽ ബിജെപി പ്രതിഷേധ പരിപാടിക്കിടെ തേനീച്ചകളുടെ കുത്തേറ്റ് എംപി അടക്കമുള്ളവർക്ക് പരിക്ക്. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ വെള്ളിയാഴ്‌ചയാണ് സംഭവം. കർണാടക സർക്കാരിനെതിരെ കർഷക മോർച്ച നടത്തിയ സമരത്തിനിടെയിലാണ് ബിജെപി എംപി എസ് മുനിസ്വാമി അടക്കമുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റത്.

500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. സമരം തുടങ്ങിയതോടെ പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. ഇതോടെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടം സമരത്തിൽ പങ്കെടുത്തവരെ ഓടിച്ചിട്ട് കുത്തുകയായിരുന്നുവെന്ന് കന്നഡ വാർത്താചാനലായ ‘ന്യൂസ് ഫസ്റ്റ്’ റിപ്പോർട്ട് ചെയ്‌തു.

ആക്രമണത്തെ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാർ വിവിധ ദിശകളിലേക്ക് ഓടാൻ തുടങ്ങി. കൂട്ടമായുള്ള ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ പല ഭാഗങ്ങളിലേക്കായി ചിതറിയോടി. തേനീച്ചക്കൂട്ടം പിന്നാലെത്തി പ്രതിഷേധക്കാരെ തുരത്തി. ഇതോടെ പലരും ബിജെപി കൊടിയെടുത്ത് തലയിൽ കെട്ടിയും മുഖം പൊത്തിയും ഓടുകയായിരുന്നു. മറ്റുചിലരാകട്ടെ കാറുകളിലും ബൈക്കുകളിലും കയറി രക്ഷപ്പെട്ടു. പൊലീസുകാരെയും സമരസ്ഥലത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകരെയും തേനീച്ചക്കൂട്ടം കുത്തി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ തേനീച്ചകൾ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പ്രതിഷേധത്തിനിടെ തേനീച്ചയുടെ കുത്തേറ്റ് ബിജെപി എംപി എസ് മുനിസ്വാമിക്ക് പരിക്കേറ്റു. പാർട്ടി പ്രവർത്തകർക്കും ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിയ പൊതുജനങ്ങളും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

അതേസമയം, തേനീച്ച ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭരണ മന്ദിരത്തിന്റെ മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം.