ഷൊർണൂരിൽ സഹോദരിമാരുടെ മരണത്തിൽ ദുരൂഹത; മുഖത്ത് ചോരയൊലിപ്പിച്ച് വീട്ടില്‍ നിന്നും ഓടിയത് ആര്?

കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത് പൊലീസ്.

0
6993

ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടം നടന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ആൾക്ക് പരിക്കേറ്റില്ലയെന്നതും രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെയെന്നതും ദുരൂഹത വളർത്തുന്നു. സംഭവത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.

നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. പൊള്ളലേറ്റിട്ടില്ലെങ്കിലും വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആളിന്റെ മുഖത്തുൾപ്പ‌ടെ മുറിവേറ്റ് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഫയർഫോഴ്‌സ് അധികൃതർ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ വീട്ടിൽനിന്ന് പുറത്തിറങ്ങി ഓടിയത്.
പട്ടാമ്പി സ്വദേശിയായ ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പട്ടാമ്പി സ്വദേശിയായ ഇയാൾ എന്തിനിവിടെ വന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മരിച്ച സഹോദരിമാരുടെ വീട്ടിൽ പെയിന്റിങ് ജോലിക്കായി മുമ്പ് വന്നിരുന്നതായും ഇയാൾ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. സ്വർണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആൾ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെയിന്റിങ്ങിനായി എത്തിയ പരിചയത്തിന്റെ അടിസ്ഥാനത്തിലാകാം വീട്ടിലേക്ക് ഇയാൾ കടന്നത്. ഈ ദിശയിലും അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത ശേഷവും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

സംഭവസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ പിടികൂടാനായത് സമീപവാസിയായ സ്ത്രീയുടെ പരിശ്രമത്തിലൂടെയാണ്. മുൻവശത്തെ വാതിൽ തുറന്നപ്പോൾ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചയാളെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളുടെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗൺസിലർ പറയുന്നു. ഇരുവരുടേയും വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

20 വർഷം മുമ്പാണ് പത്മിനിയും തങ്കവും കവളപ്പാറയിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. വീട്ടിൽ നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താൻ. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. പത്മിനി സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.