‘ഒരു പുതുപ്പള്ളി തോറ്റതുകൊണ്ടൊന്നും ഒടിയുന്ന കൊമ്പല്ല കടന്നലുകളുടേത്’

നീതിരാഹിത്യത്തിനെതിരെ ഏറെക്കുറെ സ്വമേധയാ രൂപപ്പെട്ട പ്രത്യേക ദൗത്യസംഘമാണ് അഭിലാഷേ, സൈബർ കടന്നലുകൾ....

0
10534
അഭിലാഷ് മോഹനൻ

കെ ജി ബിജു

ചുവടെയുള്ള ചിത്രത്തിലെ ആ ചെറുപ്പക്കാരനെ നോക്കൂ. ഇത്രയും ആനന്ദം ചാണ്ടി ഉമ്മൻ്റെയോ രാഹുൽ മാങ്കൂട്ടത്തിൻ്റെയോ മുഖത്ത് കാണാനാവില്ല. സൈബർ (ഹാർട്ട്) അറ്റാക്ക്, കൊമ്പൊടിഞ്ഞ് (സൈബർ) കടന്നലുകൾ എന്നൊക്കെ എത്ര വലുപ്പത്തിലാണ് അലറിക്കൂവിയിരിക്കുന്നത്. ഉന്മാദമെന്നു പറഞ്ഞാൽ അറഞ്ചം പുറഞ്ചം ഉന്മാദം.

2009ലെ ലോക്സഭാ ഇലക്ഷൻ കാലം. ലാവലിനും മദനിയുമൊക്കെ ഇടിവെട്ടിപ്പെയ്ത പ്രചരണ കോലാഹലം. ഇടതുമുന്നണി തോറ്റു. ആ ഇലക്ഷൻ കാലത്തെ മാധ്യമപ്രചരണ രീതി പഠിക്കാനും വിശകലനം ചെയ്യാനും അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന സഖാവ് തോമസ് ഐസക് മുന്നട്ടിറങ്ങുന്നു.

സഖാക്കൾ എൻ പി ചന്ദ്രശേഖരൻ്റെയും പിഎം മനോജിൻ്റെയും നേതൃത്വത്തിൽ ദേശാഭിമാനി – കൈരളി സംഘത്തിന് ഡോക്യുമെൻ്റേഷൻ ചുമതല. കുഞ്ഞാലിക്കുട്ടിയെ കടമെടുത്താൽ ഈ വിനീതനും ആ സംഘത്തിൻ്റെ മൂലയ്ക്ക്.

അഭിലാഷ് മോഹനൻ വാർത്താവതരണത്തിനിടെ

പഴയ ദേശാഭിമാനിയുടെ ലൈബ്രറിയിലായിരുന്നു പണി. എല്ലാ പത്രങ്ങളും വാരികകളും തിരയണം. ലാവലിൻ വാർത്തകളും ലേഖനങ്ങളും കാർട്ടൂണുകളും മുഖപ്രസംഗങ്ങളും പരമ്പരകളും ഒന്നൊഴിയാതെ കളക്ടു ചെയ്യണം. ഓരോ വാർത്തയും എത്ര കോളം സെന്റീമീറ്ററാണെന്ന് അളന്നെടുക്കണം.

തിരഞ്ഞെടുപ്പു കാലത്ത് ഓരോ മുന്നണിയ്ക്കും അനുകൂലമായും പ്രതികൂലമായും പേജും സ്പേസും എങ്ങനെയാണ് നീക്കിവെച്ചത് എന്ന് കണ്ടെത്തുകയാണ് ദൗത്യം. അന്ന് കൈരളി ചാനലിലുണ്ടായിരുന്ന അഭിലാഷ് മോഹനുമുണ്ടായിരുന്നു സംഘത്തിൽ. ആ പ്രയത്നമാണ് സ. തോമസ് ഐസക്കും എൻ പി ചന്ദ്രശേഖരനും ചേർന്നെഴുതിയ വ്യാജസമ്മതിയുടെ നിർമ്മിതി എന്ന പുസ്തകമായത്.

പുസ്തകത്തിന്റെ മുഖവുരയുടെ മൂന്നാംപേജിൽ ഇങ്ങനെയൊരു വാചകമുണ്ട്. “മാധ്യമപ്രവർത്തകരായ ബി സേതുരാജ്, പി ഇ പ്രിയ, അഭിലാഷ് മോഹൻ എന്നിവരോട് പ്രത്യേകം കടപ്പാട് രേഖപ്പെടുത്തുന്നു”. ഈ പി ഇ പ്രിയയാണ് പിന്നീട് പ്രിയ ഇളവള്ളി മഠമായത്.

അഭിലാഷ് മോഹന് കടപ്പാട് രേഖപ്പെടുത്തിയ പുസ്തകത്തിന്റെ 169—ാം പേജു മുതൽ ഒരു അവലോകനമുണ്ട്. 2009ലെ ഇലക്ഷൻ കാലത്ത് നാലു മാസം – ജനുവരി മുതൽ ഏപ്രിൽ വരെ മനോരമയും മാതൃഭൂമിയും സിപിഎമ്മിന് അനുകൂലമായും പ്രതികൂലമായും കൊടുത്ത വാർത്തകളുടെയും എണ്ണവും അവ ഡിസ്പ്ലേ ചെയ്ത സ്പേസിന്റെ താരതമ്യവും.

ആ നാലു മാസങ്ങളിൽ മാതൃഭൂമി നൽകി സിപിഎം അനൂകലമെന്ന് പറയാവുന്ന വാർത്തകളുടെ എണ്ണം 4. നേതാക്കളുടെ 40 പ്രസ്താവനകൾ. വിശകലനവും ലേഖനവും 5. പ്രതികൂലമായി കൊടുത്ത വാർത്തകൾ 62. പ്രസ്താവനകൾ 81. വിശകലനം 63. ലേഖനം 12. കാർട്ടൂൺ 7. സ്പേസിൻ്റെ താരതമ്യമാണെങ്കിൽ സിപിഎം അനുകൂല 49 content 1559 കോളം സെൻ്റീമീറ്റർ. ഒരു പത്രത്തിൻ്റെ പ്രിൻ്റ് ഏരിയ 8 കോളം 54.6 സെൻ്റീമീറ്ററാണ്. അതായത് ഒരുപേജ് 436.8 കോളം സെൻ്റീ മീറ്റർ യൂണിറ്റ്. നാലു മാസത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സിപിഎം അനുകൂല വാർത്തകളെല്ലാം കൂടി നിരത്തിവെച്ചാൽ 3.5 പേജുവരും. സിപിഎമ്മിനെതിരെ വന്നതോ? 225 content. 9969 കോളം സെൻ്റീ മീറ്റർ യൂണിറ്റ്. 22.7 പേജുകൾ. മാതൃഭൂമിയുടെ സമീപനത്തെക്കുറിച്ച് ഇനി പ്രത്യേകിച്ച് വിശദീകരണമൊന്നും എഴുതിപ്പൊലിപ്പിക്കേണ്ടതില്ല. ഇതാണ് യാഥാർത്ഥ്യം. ഇതാണ് അനുപാതം.

ഇനി സിപിഎമ്മിനെതിരെ ഇങ്ങനെ വാർത്തകളും വിശകലനങ്ങളും കൊടുക്കാൻ പത്രത്തിന് അവകാശമില്ലേ. ഉണ്ട്. ഒരു സംശയവുമില്ല. പക്ഷേ, സിപിഎം നേതാക്കളുടെ 40 പ്രസ്താവന കൊടുക്കുമ്പോൾ സിപിഎമ്മിനെതിരെ 62 പ്രസ്താവന കൊടുത്താണ് ബാലൻസിംഗ്. സിപിഎം നേതാക്കളുടെ 4 ലേഖനം കൊടുത്താൽ അവയെ പ്രതിരോധിക്കാൻ 12 എണ്ണം വേറെ ചാമ്പും. സിപിഎം അനുകൂലമെന്ന് പറയാവുന്ന ഒരു വിശകലനം പ്രത്യക്ഷപ്പെട്ടാൽ, 63 എണ്ണം അതിനെതിരെ വരും. അതാണ് യാഥാർത്ഥ്യം.

ഇതിൽ സ്വന്തമായി റിപ്പോർട്ടു ചെയ്യുന്ന വാർത്തകളിൽ മുക്കാലേ മുണ്ടാണിയും പെരുങ്കള്ളവും കെട്ടിച്ചമച്ചതുമാണെന്ന് വന്നാലോ? മേൽപ്പറഞ്ഞ നീതിരാഹിത്യത്തിന്മേൽ വിതറുന്ന മുളകുപൊടിയാണത്. ഇങ്ങനെയൊരു സാഹചര്യം മലയാള മാധ്യമമേഖലയിൽ നിലനിൽക്കുന്നുണ്ടെന്നാണ് അഭിലാഷ് മോഹനു കൂടി കടപ്പാട് രേഖപ്പെടുത്തപ്പെട്ട ഒരു മാധ്യമഗവേഷണം തെളിയിച്ചത്.

ഈ നീതിരാഹിത്യത്തിനെതിരെ ഏറെക്കുറെ സ്വമേധയാ രൂപപ്പെട്ട പ്രത്യേക ദൗത്യസംഘമാണ് അഭിലാഷേ, സൈബർ കടന്നലുകൾ. വസ്തുതയുടെ തരിമ്പുപോലുമില്ലാതെ നിങ്ങൾ ഊതിപ്പെരുപ്പിക്കുന്ന വ്യാജവാർത്താക്കുമിളകളാണ് കടന്നലുകൾ സ്പോട്ടിൽ കുത്തിപ്പൊട്ടിക്കുന്നത്. സിപിഎമ്മിനെതിരാണോ അല്ലയോ എന്നല്ല പരിഗണന. വാർത്തയിൽ വസ്തുതയുണ്ടോ എന്നാണ്. വസ്തുതയില്ലെങ്കിൽ കുത്തുകൊള്ളും. കുമിള പൊട്ടും. നാളെയും അങ്ങനെ തന്നെ സംഭവിക്കും.

“സൈബർ കടന്നലുകളുടെ കൊമ്പൊടിഞ്ഞു” എന്ന് നിങ്ങൾ അട്ടഹസിക്കുമ്പോൾ, വസ്തുതാവിരുദ്ധമായ മാധ്യമപ്രവർത്തനം വിജയിച്ചുവെന്നാണ് നിങ്ങൾ പെരുമ്പറ മുഴക്കുന്നത്. ചാണ്ടി ഉമ്മൻ്റെ വിജയത്തെ നിർലജ്ജ മാധ്യമപ്രവർത്തനത്തിൻ്റെ വിജയമായി കൊട്ടിഘോഷിക്കാൻ നിങ്ങൾക്കെല്ലാ അവകാശവുമുണ്ട്.

പക്ഷേ, സൈബർ കടന്നലുകളുടെ കൊമ്പൊടിച്ചു എന്ന ആത്മവിശ്വാസത്തോടെ അടുത്ത നുണയ്ക്ക് കച്ച കെട്ടരുത്. വഴിയേ മനസിലാകും.