ഡബ്ബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; നടൻ മാരിമുത്തു അന്തരിച്ചു; അവസാനചിത്രം “ജയിലർ’

രജനികാന്ത് നായകനായ ജയിലറിലാണ്‌ മാരിമുത്തു അവസാനമായി അഭിനയിച്ചത്‌.

0
3101

ചെന്നൈ: തമിഴ് സിനിമാ സീരിയിൽ നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രജനികാന്ത് നായകനായ ജയിലറിലാണ്‌ അവസാനമായി അഭിനയിച്ചത്‌.

തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ സ്വീകാര്യത നേടിയിരുന്നു. 1999ൽ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്‌തത്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്‌ടറായി അരന്മനൈ കിളി, എല്ലാമേ എൻറസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്‌ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.

ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021ൽ ധനുഷിനും അക്ഷയ്കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അഭിനയിച്ചു. വിക്രം, മായോൻ, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതൽ എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത മാരിമുത്തുവിന്റേതായ സിനിമകൾ. ഇന്ത്യന്‍ 2വിൽ ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങൽ.