ആര് കൊടുക്കും പിറന്നാളിന് ഇങ്ങനെയൊരു സർപ്രൈസ്; ഭാര്യക്ക് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി സമ്മാനമായി നൽകി യുവാവ്

10,000 രൂപയ്ക്ക് ചന്ദ്രനിൽ ഒരേക്കറാണ് ഭാര്യക്കായി സഞ്ജയ് വാങ്ങി നൽകിയത്.

0
249

കല്യാണം കഴിഞ്ഞശേഷം ആദ്യ പിറന്നാളിൽ ഭാര്യക്ക് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി സമ്മാനം നൽകി യുവാവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹതോ എന്ന യുവാവാണ് ഭാര്യ അനുമികയുടെ പിറന്നാൾ ദിനത്തിൽ അത്യപൂർവമായ സമ്മാനം നൽകിയത്. വിവാഹം കഴിക്കുന്നതിന് മുമ്പ് ചന്ദ്രനെ അടുത്ത് എത്തിക്കുമെന്ന് സഞ്ജയ് മഹാതോ വാക്ക് നൽകിയിരുന്നു. ഈ വാഗ്ദാനം പാലിച്ചത്.

അനുമികയെ പ്രണയിക്കുന്ന സമയത്ത് അമ്പിളിമാമനെ പിടിച്ച് തരാമെന്ന് പറയുമായിരുന്നു. അത്രയൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അപ്പോഴാണ് ചന്ദ്രനില്‍ ഭൂമി സമ്മാനിക്കാമെന്ന് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു സർപ്രൈസ് ഒരുക്കിയതെന്ന് സഞ്ജയ് മഹതോ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായത്. ആ വാക്ക് അപ്പോള്‍ പാലിക്കാൻ തനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണെന്ന് സഞ്ജയ് പ്രതികരിച്ചു.

സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേനയാണ് ഭൂമി വാങ്ങിയത്. ഒരു വര്‍ഷമെടുത്തു ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന്റെ നൂലാമാലകള്‍ നീക്കാന്‍.

ഭാര്യയുടെ പിറന്നാളിന് മറ്റുപലതും വാങ്ങാമായിരുന്നു. പക്ഷെ നമ്മള്‍ രണ്ട് പേരുടെ ഹൃദയങ്ങളിലും ചന്ദ്രന് പ്രത്യേക സ്ഥാനമുണ്ട്. അത് കൊണ്ട് തന്നെ ഇതിലും മികച്ചതൊന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല- ന്യൂസ് 18 റിപ്പോർട്ടിൽ പറഞ്ഞു. ഇപ്പോള്‍ 10,000 രൂപയ്ക്ക് ചന്ദ്രനിൽ ഒരേക്കറാണ് ഭാര്യക്കായി സഞ്ജയ് വാങ്ങി നൽകിയത്.

ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് സഞ്ജയ് പറഞ്ഞു. ഭാര്യക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയെന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. പ്രണയത്തിന്റെ അഭിവാജ്യഘടകമായ ചന്ദ്രനേയും നോക്കി വീട്ടിലെ പൂന്തോട്ടത്തില്‍ ഒരുമിച്ചിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണെന്നും മഹതോ പറയുന്നു. മരിച്ചു പോയ നടന്‍ സുഷാന്ത് സിംഗ് അടക്കം ചിലര്‍ ചന്ദ്രനില്‍ സ്ഥലം ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ട്.

ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ മറ്റൊരു ഇന്ത്യക്കാരനും സ്ഥലം വാങ്ങിയിരുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇ​ദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു. ലാക്കസ് ഫെലിസിറ്റാറ്റിസ് എന്നറിയപ്പെടുന്ന ലൂണ എർത്ത്സ് മൂൺ, ട്രാക്റ്റ് 55-പാഴ്സൽ 10772ലാണ് രൂപേഷ് സ്ഥലം വാങ്ങിയത്.