പുതുപ്പള്ളി; എട്ടേകാലോടെ ആദ്യ ഫലസൂചന, ആദ്യമെണ്ണുക അയർക്കുന്നം പഞ്ചായത്ത്

കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും.

0
189

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന വെള്ളിയാഴ്ച രാവിലെ എട്ടേ കാലോടെ പുറത്തുവരും. കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിൽ എണ്ണുന്നത്. അയർക്കുന്നം എണ്ണി കഴിയുന്നതോടെ ആദ്യഫല സൂചനകൾ പുറത്തുവന്നു തുടങ്ങും. അയർക്കുന്നത്തിന് പിന്നാലെ കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും.

20 മേശകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരുക്കുന്നത്. 14 മേശകളിൽ വോട്ടിം​ഗ് മെഷീനുകളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒന്നിൽ സർവീസ് വോട്ടുകളുമാണ് എണ്ണുക. 13 റൗണ്ടുകളിലായി വോട്ടിം​ഗ് യന്ത്രങ്ങൾ പൂർത്തിയാകും.വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിനകം ഫലം അറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.

വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.വെള്ളിയാഴ്‌ച വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയസ് കോളേജിന് സമീപം കെ കെ റോഡിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വോട്ടെണ്ണൽ അവസാനിക്കുന്നത് വരെ കെ കെ റോഡിൽ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ കലക്‌ടറേറ്റ് ജംഗ്ഷനിൽ നിന്ന്‌ തിരിഞ്ഞ് ലോഗോസ് ജങ്‌ഷൻ – ശാസ്‌ത്രി റോഡ്‌ വഴി പോകാൻ നിർദേശമുണ്ട്. മനോരമ ഭാഗത്ത് നിന്നും കലക്‌ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മനോരമ ജംഗ്ഷനിൽ നിന്ന്‌ ഈരയിൽകടവ് ജങ്‌ഷൻ വഴി പോകണമെന്നും നിർദേശമിറക്കി.