പുലികളി ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് എന്നെങ്കിലും അതിന്റെ ഭാഗമാകണമെന്ന് തോന്നിപ്പോകാനിടയുണ്ട്. ഇക്കുറി ആൺപുലികളോടൊപ്പം ആടിത്തിമിർത്ത പെൺപുലിയുടെ വിശേഷം വാർത്തകളിലൂടെയെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും. നാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ചാലക്കുടി സ്വദേശിയായ നിമിഷ ബിജോ പുലികളിയുടെ ഭാഗമാകുന്നത്. ഫോട്ടോഷൂട്ടിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും നിമിഷ ഇതിനു മുമ്പും മലയാളികളുടെ മുന്നിലെത്തിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് പുലിയായി വേഷമിട്ടപ്പോൾ ലഭിച്ചതെന്ന് നിമിഷ പറയുന്നു.
സുഹൃത്ത് ദിയ വഴിയാണ് പുലികളി സംഘവുമായി ബന്ധപ്പെട്ടതെന്ന് നിമിഷ പറയുന്നു. രതീഷ് എന്നയാളെ വിളിച്ച് ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. ആദ്യം അയ്യന്തോൾ ടീമിന്റെ ഭാഗമായാണ് എത്തിയത്. എന്നാൽ സ്ത്രീകളെ പങ്കെടുപ്പിച്ച് പുലികളി ചെയ്യുന്നില്ലെന്ന് അവർ തീരുമാനിച്ചതോടെ പൂങ്കുന്നം സീതാറാം ടീമിന്റെ ഭാഗമായി. പുലികളിയിലെ കൊട്ടും മേളവുമാണ് തന്നെ ഏറ്റവും അധികം ആകർഷിച്ചതെന്ന് നിമിഷ പറയുന്നു.
പുലികളിക്ക് ഇറങ്ങിയപ്പോൾ ഏല്ലാവരും അഭിനന്ദിച്ചിരുന്നു. എന്നാൽ സ്വന്തം നാട്ടുകാർ ഇതേപ്പറ്റി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. വീഡിയോയും ഫോട്ടോയും പ്രചരിച്ചതോടെ പലരും വിളിച്ചെങ്കിലും ചിലർക്ക് അതൊന്നും പിടിച്ചിട്ടില്ല. വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? വീട്ടിലിരുന്നാൽ പോരേ തുടങ്ങിയ കമന്റുകൾ ഉണ്ടെങ്കിലും ഞാൻ അതൊന്നും കാര്യമായെടുക്കുന്നില്ല. അവരെ കണ്ടുകൊണ്ടല്ല പുലികളിക്കിറങ്ങിയത്.
ചെറുപ്പം മുതൽ നൃത്തം ചെയ്യാൻ ഇഷ്ടമാണ്. കോട്ടയം സ്വദേശിയായ നിമിഷ വിവാഹശേഷം ചാലക്കുടിയിൽ എത്തിയ ശേഷമാണ് ചിട്ടയോടെ നൃത്തം പഠിക്കാൻ തുടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് നിമിഷ. നൃത്തപഠനം വീണ്ടും തുടങ്ങിയ ശേഷമാണ് സീരിയലുകളുടെ ഭാഗമാകുന്നത്. അഭിനയിക്കാൻ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ടിക് ടോക്ക് വീഡിയോകളാണ് ആദ്യം ചെയ്തു തുടങ്ങിയത്. ടിക് ടോക്ക് നിരോധിച്ചതിനു ശേഷം ഇൻസ്റ്റഗ്രാമിൽ സജീവമായി. കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾക്കാണ് കൂടുതലും വീഡിയോ ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി കൂടുതൽ റീച്ച് കിട്ടാൻ തുടങ്ങിയ ശേഷമാണ് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തുന്നത്.
പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിനെത്തുടർന്ന് നിമിഷ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. പലപ്പോഴും ബോൾഡ്, ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്താറുണ്ടെങ്കിലും പലർക്കും അതത്ര പിടിക്കാറില്ലെന്ന് നിമിഷ പറയുന്നു. വിമർശനം കേട്ട് പിൻവാങ്ങുകയാണെങ്കിൽ കുട്ടികളെയും നോക്കി വീട്ടിൽ ചുമ്മാതിരിക്കേണ്ടിവരും. ഒരു പെണ്ണിന് എന്തൊക്കെ നേടാൻ പറ്റുമോ അതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം.
ഞാൻ ധരിക്കുന്ന കോസ്റ്റ്യൂം കുറഞ്ഞു പോയെന്ന് ആരെങ്കിലും പറഞ്ഞാൽ അടുത്ത ദിവസം അത് വീണ്ടും കുറയ്ക്കാനെ ഞാൻ ശ്രമിക്കൂ. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയാൽ മിക്കവർക്കും അത് സെക്സാണ്. ഒരു സ്ത്രീയുടെ ശരീരഭാഗം പുറത്തുകണ്ടാൽ അതിൽ എന്തിന് സെക്സ് കൊണ്ടുവരണം. നെഗറ്റീവ് കമന്റുകളൊന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല. മക്കളും കുടുംബവും നൽകുന്ന പിന്തുണയാണ് തന്റെ ബലമെന്ന് നിമിഷ പറയുന്നു. മനോരമ ഓൺലൈനോടാണ് നിമിഷയുടെ പ്രതികരണം.