ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും ഐഎസ്ആർഒ പുറത്തുവിട്ടു

0
238

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ൽനിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിച്ചു. നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ഐഎസ്ആർഒ ഇന്നു പുറത്തുവിട്ടത്. സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് എത്തുക.

ഏകദേശം 1480.7 കിലോഗ്രാം ഭാരമുള്ള ആദിത്യ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും. മൊത്തം അഞ്ചു തവണയായി ഭ്രമണപഥം ഉയർത്തിയശേഷം സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കു നീങ്ങും. ഇതിനായും പ്രത്യേക ജ്വലന പ്രക്രിയകൾ നടത്തും. ഭ്രമണപഥത്തിലെത്തിയ ശേഷം 5 വർഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ചു പഠിക്കും. ഗ്രൗണ്ട് സ്റ്റേഷനിലേക്കു പ്രതിദിനം 1440 ചിത്രങ്ങളാകും അയയ്ക്കുക.

ഇതുവരെയുള്ള രണ്ടു ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. നിലവിൽ 282 കിലോമീറ്റർ x 40,225 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. അടുത്ത ഭ്രമണപഥം ഉയർത്തൽ 10നു പുലർച്ചെ 2.30നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൊറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേർന്നാണു പേടകത്തിന്റെ നിയന്ത്രണം നിർവഹിക്കുന്നത്.