മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കി; റെയിൽവേ ഒരുവർഷംകൊണ്ട് കൊള്ളയടിച്ചത് 2200 കോടി രൂപ

0
291

മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം കൊള്ളയടിച്ചത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ 38 സൗജന്യ യാത്രാനിരക്കുകൾ നിർത്തലാക്കിയത്. മുതിർന്ന പൗരന്മാർക്ക്‌ കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തിൽ എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകൾക്കുമാണ് ആനുകൂല്യങ്ങൾ ഇല്ലാതായത്. ഇളവുകൾ ഇല്ലാതായതിനുശേഷം മൂന്നുവർഷമായി തീവണ്ടിയിൽ യാത്രചെയ്തത് 15.27 കോടി മുതിർന്ന യാത്രക്കാരാണ്.

2020 മാർച്ച് 20 മുതൽ 2022 മാർച്ചുവരെ 7.30 കോടി യാത്രക്കാർ മുഴുവൻ നിരക്കും നൽകി യാത്രചെയ്തു. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും ഉൾപ്പെടും. 1500 കോടി രൂപയോളം ആണ് റെയിൽവേ കൊള്ളയടിച്ചത്.

2022 മാർച്ചുമുതൽ 2023 ഏപ്രിൽവരെയുള്ള കണക്ക് പ്രകാരം 2,242 കോടി രൂപയോളം റെയിൽവേയിക്ക് ലഭിച്ചിട്ടുണ്ട്. 7.96 കോടി മുതിർന്ന യാത്രക്കാരാണ് ഈ കാലയളവിൽ മുഴുവൻ നിരക്ക് നൽകി യാത്രചെയ്തത്. 2021 മുതൽ റിസർവേഷൻ സിസ്റ്റത്തിൽ സീനിയർ സിറ്റിസൺ കോഡും ഒഴിവാക്കി. ഒരു തീവണ്ടിയിൽ ആകെയുള്ള ലോവർ ബർത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പാൾ കിട്ടുന്ന ഏക ആശ്വാസം.