ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ ആക്രമിച്ച് എബിവിപി; മുറിയൊഴിഞ്ഞില്ലെന്ന് കാരണം

എബിവിപിക്കാരുടെ ആക്രമണത്തിനാണ് ജെഎന്‍യു പേരുകേട്ടതെന്നും എന്‍എസ് യുഐ.

0
216

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റല്‍ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിഎച്ച്ഡി വിദ്യാര്‍ഥിയും എന്‍എസ് യുഐ പ്രവര്‍ത്തകനുമായ ഫാറൂഖ് ആലാമിനാണ് ക്രൂരമർദ്ദനമേറ്റത്‌. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഫാറൂഖിനെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചു.

ജെഎന്‍യു കാവേരി ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഫാറൂഖിനെതിരെ ഒരു പഴയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഹോസ്റ്റലിലെത്തി ഫാറൂഖിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. എബിവിപി അംഗങ്ങളും ജെഎന്‍യു ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധിച്ച ഫാറൂഖിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ എന്‍എസ്‌യുഐ അപലപിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം വേണം. വിദ്യാഭ്യാസത്തേക്കാള്‍ എബിവിപിക്കാരുടെ ആക്രമണത്തിനാണ് ജെഎന്‍യു പേരുകേട്ടതെന്നും എന്‍എസ് യുഐ ആരോപിച്ചു.

നാല് വര്‍ഷം മുമ്പ് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.