യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങൾ; പട്ടിക പുറത്ത്

യു എ ഇയിൽനിന്ന് ഇന്റർനാഷണൽ, ലൈസൻസിന് അപേക്ഷിക്കണമെങ്കിലും യുഎഇയുടെ പ്രാദേശിക ഡ്രൈവിങ് ലൈസൻസ് വേണം.

0
370

യു എ ഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ യുഎഇ ലൈസൻസ് ഉപയോഗിക്കാം. ഇതിനുപുറമെ പോർച്ചുഗൽ ചൈന, ഹംഗറി, ഗ്രീസ്, അമേരിക്ക, ഉക്രെയ്ൻ തുടങ്ങി മറ്റു ചില രാജ്യങ്ങളിലും യു എ ഇ ഡ്രൈവിങ് ലൈസൻസിന് അനുമതി നൽകിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈൻ സേവനമായ ‘മർഖൂസ്’ ഉപയോഗപ്പെടുത്തി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്ന മറ്റു രാജ്യങ്ങളുടെ പേരുകളും കണ്ടെത്താം. അതേസമയം, യു എ ഇ ലൈസൻസ് പല രാജ്യങ്ങളിലും സന്ദർശന വിസയിൽ ആയിരിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാൻ അനുമതി ലഭിക്കുകയുള്ളു.

പട്ടികയിൽ പെടാത്ത ഒരു രാജ്യത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. യു എ ഇയിൽനിന്ന് ഇന്റർനാഷണൽ ലൈസൻസിന് അപേക്ഷിക്കണമെങ്കിലും, യുഎഇയുടെ പ്രാദേശിക ഡ്രൈവിങ് ലൈസൻസ് സ്വന്തമായി വേണം.
ഏതൊക്കെ സ്ഥാപനങ്ങൾ വഴിയാണ് ഇതിനു അപേക്ഷിക്കണം എന്ന് യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നുണ്ട്.

ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് ഓഫ് യു എ ഇ, ദുബായിലെ ആർടിഎ ഓഫീസുകൾ, എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകൾ, ഷെയ്ഖ് സായിദ് റോഡിലെ ഡി എൻ എ ടി എ ഓഫീസ്, എ ടി സി യു എ ഇ യുടെ അഫിലിയേറ്റ് അംഗങ്ങൾ, ഐട്യൂൺസിലും ഗൂഗിൾ പ്ലേയിലും ലഭ്യമായ എം ഒ ഐ യു എ ഇ ആപ്പ് വഴി അപേക്ഷിക്കാം.170 ദിർഹവും കൂടാതെ അഞ്ച് ശതമാനം വാറ്റുനികുതിയുമാണ് ചെലവ്. ഇത്തരം ലൈസൻസുകൾക്ക് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ.