ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടിയത് സിഐടിയു തൊഴിലാളികൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പൊലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി ക്രിസ്റ്റിൻ പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറിയിരുന്നു.

0
811

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റിനെ പിടികൂടിയത് സിഐടിയു തൊഴിലാളികൾ. അതി സാഹസികമായാണ് ആലുവ മാർത്താണ്ഡവർമ്മ പാലത്തിനുസമീപം ഒളിച്ചിരുന്ന പ്രതിയെ സിഐടിയു പ്രവർത്തകരായ വി കെ ജോഷിയും ജി മുരുകനും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) ആലുവ ബൈപ്പാസ് യൂണിറ്റിലെ സജീവ പ്രവർത്തകരാണ് ജോഷിയും മുരുകനും. ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

സംഭവത്തിനുശേഷം പൊലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ വേഷവും രൂപവും മാറിയിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിക്കുകയും ചെയ്തു. പിടി വീഴും എന്നുറപ്പായതോടെ ക്രിസ്റ്റിൻ ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചു.

പൊലീസ് എത്തിയപ്പോൾ ക്രിസ്റ്റിൻ പാലത്തിന്റെ അടിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരെയും പൊലീസിനെയും കണ്ടതോടെ പുഴയിലേക്ക് ചാടി. അക്രമാസക്തനായ ക്രിസ്റ്റിനെ ചുമട്ടു തൊഴിലാളികൾ ചേർന്ന് കീഴ്‌പ്പെടുത്തി. തുടർന്ന് പൊലീസിന് കൈമാറി. പിടികൂടുമ്പോൾ പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് പ്രതിയാണെന്ന് സാക്ഷിയായ നാട്ടുകാരനും പെൺകുട്ടിയും തിരിച്ചറിഞ്ഞു. പിന്നാലെ പൊലീസ് ക്രിസ്റ്റിന്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

സിഐടിയു എന്നും തൊഴിലാളികൾ എന്നും കേൾക്കുമ്പോൾ പുച്ഛം മാത്രം മുഖത്ത് വെക്കുന്ന അമാനവ ഉത്തമന്മാർക്കുള്ള നല്ല മറുപടി കൂടിയാണ് ചുമട്ടുതൊഴിലാളികളുടെ ഈ പ്രവൃത്തി. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇവരെ അഭിനന്ദിച്ച് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.