കൊവിഡ് ചികിത്സ; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിന് നിറവ്യത്യാസം, തവിട്ട് കണ്ണുകള്‍ നീലയായി

2021 ല്‍ ഇന്ത്യയിലും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

0
214

കൊവിഡ് ചികിത്സയ്ക്ക് ശേഷം ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിന് നിറവ്യത്യാസം. തായ്‌ലന്‍ഡിലാണ് സംഭവം. കടുത്ത പനിയും ചുമയും കാരണം ആണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ തവിട്ട് നിറത്തിലുള്ള കണ്ണുകള്‍ നീല നിറമായതെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ പീഡിയാട്രിക്‌സ് എന്ന മെഡിക്കല്‍ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കടുത്ത പനിയും ചുമയും ബാധിച്ച് അവശനായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കി. കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ കുട്ടിക്ക് ഫാവിപിരവിയര്‍ മെഡിസിന്‍ എന്ന മരുന്ന് നിർദ്ദേശിച്ചു. മൂന്ന് ദിവസം മരുന്ന് ഉപയോഗിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും ഒരു ദിവസം പിന്നിടും മുമ്പേ കുട്ടിയുടെ കണ്ണിന് നിറ വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ കുട്ടിയുമായി വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഫാവിപിരവിയര്‍ നല്‍കുന്നത് നിര്‍ത്തി. അഞ്ച് ദിവസത്തിന് ശേഷം കുട്ടിയുടെ കണ്ണിന്റെ നിറം തവിട്ട് നിറത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുട്ടിയുടെ മറ്റ് ശരീരഭാഗങ്ങള്‍ക്ക് നിറവ്യത്യാസം സംഭവിച്ചിട്ടില്ല എന്ന കാര്യവും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2021 ല്‍ ഇന്ത്യയിലും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 വയസുകാരനായ യുവാവിന് ഫാവിപിരവിയര്‍ ചികിത്സ തുടങ്ങി രണ്ടാം ദിവസം കണ്ണുകള്‍ നീല നിറമായി മാറുകയായിരുന്നു.