വീട്ടിൽ നിന്നും പുറത്തുപോകാൻ കഴിയാത്തവിധം വർമൻ ഹിറ്റായി; വിനായകന്റെ ആദ്യ പ്രതികരണം

എന്റെ കഥാപാത്രം ഹിറ്റാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. സൺ പിക്ചേഴ്സാണ് വിനായകൻ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

0
12581

ജയിലർ സിനിമയുടെ വിജയത്തിൽ ആദ്യ പ്രതികരണവുമായി വിനായകൻ. രജനി സാറിനൊപ്പമുള്ള അഭിനയം വാക്കാൽ വിവരിക്കാൻ കഴിയില്ലെന്ന് വിനായകൻ പറഞ്ഞു. വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണകൊണ്ട് മാത്രമാണ് വേഷം നന്നായി ചെയ്യാൻ കഴിഞ്ഞത്. സൺ പിക്ചേഴ്സാണ് വിനായകൻ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.


‘മനസിലായോ, നാൻ താൻ വർമൻ.’ ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗ് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജയിലറിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഒരു കാട്ടിലായിരുന്നു, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. തിരിച്ചു വന്നപ്പോൾ ഒരുപാട് മിസ് കോൾ. മാനേജർ വിളിച്ച് കാര്യം അറിയിച്ചു. തിരിച്ച് വിളിച്ചപ്പോൾ രജനി സാറിനൊപ്പം ഒരു പടം ചെയ്യാമോയെന്ന് പ്രൊഡക്ഷനിൽ നിന്നും ചോദിച്ചു.

നെൽസൺ ആണ് പടം സംവിധാനം ചെയ്യുന്നത് എന്ന് പറഞ്ഞു. കൂടുതലൊന്നും ആലോചിച്ചില്ല. രജനിസാറിന്റെ പടമല്ലേ. നെൽസണെ എനിക്ക് അറിയാം. ഞാനാണ് പ്രധാന വില്ലനെന്ന് നെൽസൺ പറ‍ഞ്ഞു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്.

വീട്ടിൽ നിന്നും പുറത്തു പോകാൻ പറ്റാത്ത വിധം വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും കരുതിയില്ല. ചിത്രത്തിലെ ഓരോ രം​ഗങ്ങളും പ്രധാനപ്പെട്ടവ ആയതിനാൽ സന്തോഷത്തോടെയാണ് ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനോടും കലാനിധി സാറിനോടും നന്ദി- വിനായകൻ പറയുന്നു.