സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും 30 മുതൽ 40കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

0
328

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 5 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും 30 മുതൽ 40കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.