കേരളത്തിൽ ആക്രമണം നടത്താൻ പദ്ധതി; ഐഎസ്‌ തൃശൂർ മൊഡ്യൂൾ നേതാവ്‌ അറസ്‌റ്റിൽ

കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവർ നീക്കം നടത്തിയതായി എൻഐഎ കണ്ടെത്തി.

0
185

ചെന്നൈ: തീവ്രവാദ സംഘടനയായ ഐഎസിന്റെ തൃശൂർ ആസ്ഥാനമായുള്ള മൊഡ്യൂളിന്റെ നേതാവ് സയ്യിദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ച്‌ നേപ്പാളിലേക്ക്‌ കടക്കാനുള്ള ഒരുക്കത്തിനിടെയാണ്‌ ചെന്നൈയിൽ ഇയാളെ പിടികൂടിയത്. കൊച്ചി കേസിൽ എൻഐഎ പ്രതി ചേർത്തിട്ടുള്ള അഹമ്മദിൽ നിന്ന് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

ഈ വർഷം ജൂലൈയിൽ തമിഴ്‌നാട്ടിലെ സത്യമംഗലത്തിന് സമീപത്തെ ഒളിത്താവളത്തിൽ നിന്ന് മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫിനെ എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. തൃശൂർ ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയിരുന്നു.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ് മൊഡ്യൂൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റർ ചെയ്‌ത‌ത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവർ നീക്കം നടത്തി. ഇന്ത്യയിൽ പലയിടത്തും ആളുകളെ ചേർക്കുന്നതിന് ഐഎസ് നീക്കം നടത്തുന്നുണ്ട്. നിരവധി ഐഎസ് പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്‌തുവെന്നും എൻഐഎ അറിയിച്ചു.