ബിജെപി പാകിസ്ഥാനെ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത; മോദിക്ക് രൂക്ഷ വിമർശനം

മണിപ്പൂർ കലാപം തടയാൻ സർക്കാർ ചെറുവിരൽ അനക്കിയില്ലെന്ന് ഇരിങ്ങാലക്കുട രൂപത വിമർശനം ഉന്നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്.

0
217

തൃശൂർ: പാകിസ്ഥാൻ അവിടുത്തെ ക്രൈസ്തവരോട് കാണിക്കുന്ന പരി​ഗണന ബിജെപി സർക്കാർ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത. മുഖപത്രമായ ‘കേരള സഭ’യുടെ സെപ്റ്റംബർ ലക്കത്തിലെ മുഖപ്രസം​ഗത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മണിപ്പൂർ ഇതുവരെ സന്ദർശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയും ഇരിങ്ങാലക്കുട രൂപത രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.

ഇസ്ലാമിക മത​ഗ്രന്ഥമായ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ആ​ഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയിൽ 21 ദേവാലയങ്ങളും നൂറോളം വീടുകളും വർ​ഗീയവാദികൾ തകർത്തു. പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയായ അൻവർ ഉൽ ഹഖ് കക്കർ ആക്രമണത്തെ തള്ളിപ്പറയുകയും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറയുകയും ചെയ്തു. നൂറോളം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. ആക്രമണത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട രൂപത പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

പാക് പ്രധാനമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് വാ​ഗ്ദാനം ചെയ്യുക മാത്രമല്ല, പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും കലാപത്തിൽ പങ്കെടുത്ത 130 പേരെ പിടികൂടുകയും ചെയ്തു. പാക് അധീന പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മെഹ്സിൻ നഖ്വി തകർന്ന പള്ളികൾ നന്നാക്കുമെന്നും 94 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സമാന സംഭവങ്ങളാണ് മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്നത്. കലാപം തുടങ്ങി രണ്ട് മാസത്തിനു ശേഷം കുക്കി സ്ത്രീകളെ ന​ഗ്നരാക്കി നടത്തിയ വീഡിയോ പുറത്തു വന്നപ്പോൾ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ തയ്യാറായത്. പോലീസിൽ നിന്നാണ് മെയ്തേയ് വിഭാ​ഗത്തിന് ആയുധങ്ങൾ ലഭിച്ചത്. എന്നാൽ പ്രതികൾക്കെതിരെ സർക്കാർ ചെറുവിരൽ പോലും അനക്കിയില്ല.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഭൂരിപക്ഷത്തിന് ഉത്തരവാദിത്തമുണ്ടെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന അവിടുത്തെ ക്രൈസ്തവർക്ക് ആശ്വാസകരമാണ്. ഇത് ബിജെപി മാതൃകയാക്കണമെന്ന് ‘കേരള സഭ’യുടെ മുഖപ്രസം​ഗത്തിൽ പറയുന്നു.