ബംഗളൂരു: കന്നട നടിയും മുൻ എംപിയുമായ ദിവ്യ സ്‌പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു വ്യാജപ്രചാരണം. വാര്‍ത്താ ചാനലുകളും വ്യക്തികളും വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്‍തിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ അവർ വാർത്ത പിൻവലിച്ചു. ദിവ്യ സ്‍പന്ദന നിലവിൽ ജനീവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും കുടുംബവും സുഹൃത്തുക്കളും അറിയിച്ചു.
വാരണം ആയിരം, ഡ്രീംസ് തുടങ്ങിയ തമിഴ് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതയാണ് നടി. രണ്ട് ദിവസത്തിന് ശേഷം അവർ ബംഗളുരുവിൽ എത്തുമെന്നും നടി കൂടിയായ ദിവ്യ സ്‍പന്ദനയുടെ കുടുംബം വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യര്‍ഥിച്ചു. നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‍പന്ദന നിര്യാതയായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അത് ചിലർ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്.
ഏത് വിഡ്ഢിയാണ് തന്നെ കൊന്നതെന്ന് ദിവ്യ സ്‌പന്ദന പ്രതികരിച്ചതായി ‘ദ ന്യൂസ് മിനിറ്റ്’ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ കുറിച്ചു. ‘മരണവാർത്ത’ പ്രചരിക്കുമ്പോൾ അവർ ജനീവയിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു. തന്റെ ഫോൺകോൾ എത്തുമ്പോളും അവർ സമാധാനത്തോടെ യാത്ര ആസ്വദിക്കുകയാണ്. ഇത്തരം നിരുത്തരവാദപരമായി വ്യാജ വാർത്തകൾ പടച്ചുവിടുന്നത് ആരാണെന്നും എന്താണ് ഇക്കൂട്ടർക്ക് അതിലുള്ള സംതൃപ്തിയെന്നും ധന്യ രാജേന്ദ്രൻ ‘എക്‌സിൽ’ കുറിച്ചു.
കോൺഗ്രസ് നേതാവുകൂടിയായ ദിവ്യയെ സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരെ തമിഴ്‌നാട് പിസിസി നേതൃത്വവും രംഗത്തെത്തി. ഏതാനും ടെലിവിഷന്‍ ചാനലുകളില്‍ വന്ന വാര്‍ത്ത 100 ശതമാനം തെറ്റാണെന്നും ദിവ്യ സുഖമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം വ്യക്തമാക്കി. മുന്‍ ലോക്‌സഭാംഗമായ സ്‌പന്ദന അടുത്തിടെ ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നതിനെക്കുറിച്ച് തുറന്നുപറയുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തനിക്ക് വൈകാരിക പിന്തുണ നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം. 2013ൽ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്‍പന്ദന എന്ന രമ്യ ലോകസഭംഗമായത്.
‘അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു രമ്യ എന്നും അറിയപ്പെടുന്ന ദിവ്യ സ്‍പന്ദന ആദ്യമായി നായികയായത്. നടൻ പുനീത് രാജ്‍കുമാര്‍ ‘അഭി’യായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്‍പന്ദനയ്‍ക്ക്. തുടര്‍ന്നങ്ങോട്ട് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ വേഷമിട്ടു. ഫിലിംഫെയര്‍ അവാർഡ്, നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യ സ്‍പന്ദന നേടിയിട്ടുണ്ട്.