ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഫ്ലിപ്കാർട്ട് വൺപ്ലസിന്റെ അം​ഗീകൃത വിതരണക്കാർ അല്ലെന്നും ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങുന്ന ഉല്പന്നങ്ങൾക്ക് വാറന്റി ലഭിക്കില്ലെന്നും വൺപ്ലസ് അധികൃതർ വ്യക്തമാക്കി.

0
226

കൊച്ചി: ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങിയ യുവാവിന് ലഭിച്ചത് പഴയ ഫോൺ. ഫ്ലിപ്കാർട്ടിൽ നിന്നും ഡെലിവറി ചാർജ് ഉൾപ്പെടെ 53098 രൂപ നല്‍കി വണ്‍പ്ലസ് 11 5ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ കൊച്ചി സ്വദേശി എം കെ സതീഷിനാണ് മുൻപ് ആരോ ഉപയോ​ഗിച്ച സ്മാർട്ട് ഫോൺ ലഭിച്ചത്. ഫ്ലിപ്കാർട്ടിലെ വിശ്വസ്തരായ വ്യാപാരികളെന്ന് ഉറപ്പുവരുത്തുന്ന അഷ്വേർഡ് ലേബലുള്ള വിതരണക്കാരിൽ നിന്നാണ് സെപ്റ്റംബർ ഒന്നിന് സതീഷ് ഫോൺ വാങ്ങിയത്.

സെപ്റ്റംബർ നാലിന് ഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരന്റെ മുന്നിൽ വെച്ചുതന്നെ ഫോൺ ബോക്സ് തുറന്നു. ഫോണിന്റെ പുറത്ത് പോറലുകളൊന്നും ഇല്ലാത്തതിനാൽ തനിക്ക് കിട്ടിയത് പുതിയ ഫോണാണെന്ന് സതീഷ് തെറ്റിദ്ധരിച്ചു. എന്നാൽ ഡെലിവറിക്ക് ശേഷം ഫോൺ ഓണാക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ ഫോണുകളിൽ നിശ്ചിത അളവ് ചാർജ് ഉണ്ടാകാറുണ്ട്. തുടർന്ന് ചാർജ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിലാണ് താൻ ചതിക്കപ്പെട്ടുവെന്ന കാര്യം സതീഷ് തിരിച്ചറിയുന്നത്. ഫോണിന്റെ ബാറ്ററി അൽപ്പം വീർത്തിരിക്കുന്നതായും ബാക്ക് പാനൽ ഇളകിയിരിക്കുന്നതായും സതീഷ് കണ്ടെത്തി.

സാധാരണ ഫ്ലിപ്കാർട്ട് വഴി വാങ്ങുന്ന സാധനങ്ങൾ റിട്ടേൺ ചെയ്യാനുള്ള സൗകര്യമുണ്ട്. ഫോൺ നൽകുന്ന വിതരണക്കാരൻ ഏഴ് ദിവസത്തെ ഫോൺ റീപ്ലേസ്മെന്റ് അല്ലെങ്കിൽ റിപ്പയർ വാ​ഗ്ദാനം ചെയ്യാറുണ്ട്. കൂടാതെ ഫോണിന് 12 മാസത്തെ വാറന്റിയും ഘടക ഭാ​ഗങ്ങൾക്ക് ആറ് മാസത്തെ വാറന്റിയും വാ​ഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ ഫോൺ റിട്ടേൺ ചെയ്യാനുള്ള സതീഷിന്റെ ശ്രമം പരാജയപ്പെട്ടു. പകരം അടുത്തുള്ള വൺ പ്ലസ് സർവീസ് സെന്ററിനെ ബന്ധപ്പെടാനാണ് ഫ്ലിപ്കാർട്ട് അധികൃതർ നിർദ്ദേശിച്ചത്.

ഫ്ലിപ്കാർട്ട് വൺപ്ലസിന്റെ അം​ഗീകൃത വിതരണക്കാർ അല്ലെന്നും ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങുന്ന ഉല്പന്നങ്ങൾക്ക് വാറന്റി ലഭിക്കില്ലെന്നും വൺപ്ലസ് വ്യക്തമാക്കി. ഇതോടെയാണ് തനിക്കു പറ്റിയ ചതി സതീഷ് തിരിച്ചറിഞ്ഞത്. ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങിയ ഫോൺ രണ്ട് തവണ ​ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർവീസ് സെന്ററിൽ തകരാർ പരിഹരിക്കുന്നതിനായി കൊണ്ടുചെന്നിട്ടുണ്ടെന്ന് സർവീസ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ മനസിലായി. ​ഗുജറാത്ത് സ്വദേശിയുടെ പേരിൽ നൽകിയ ബില്ലിന്റെ പകർപ്പ് വൺ പ്ലസ് സർവീസ് സെന്ററിൽ നിന്നും സതീഷിന് ലഭിച്ചു. മറ്റാരോ ഉപയോ​ഗിച്ച ഫോണാണ് പുതിയ ഫോൺ എന്ന പേരിൽ ഫ്ലിപ്കാർട്ട് സതീഷിന് നൽകിയത്.

ബാറ്ററിയുടെ തകരാർ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുമായിരുന്നില്ലെന്ന് സതീഷ് പറയുന്നു. ഫ്ലിപ്കാർട്ട് നൽകിയ അഹമ്മദാബാദ് സ്വദേശിയുടെ പേരിലുള്ള ഇഎംഐ നമ്പറും ഫോണിലെ ഇഎംഐ നമ്പറും ഒന്നു തന്നെയാണ്. തന്റെ ദുരനുഭവം വ്യക്തമാക്കി ഫ്ലിപ്കാർട്ടിൽ രേഖപ്പെടുത്തിയ റിവ്യൂ പ്രദർശിപ്പിക്കാൻ ഫ്ലിപ്കാർട്ട് ഇതുവരെ തയ്യാറായിട്ടില്ല. തെളിവുകൾ നിരത്തി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സതീഷ്.