സനാതന ധര്‍മ പരാമർശം: മറുപടി കൃത്യമായിരിക്കണം; മന്ത്രിമാരോട് നരേന്ദ്രമോഡി

ഇന്ത്യ, ഭാരതം വിഷയത്തില്‍ പാർട്ടി വക്താക്കള്‍ മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നും പ്രധാനമന്ത്രി.

0
173

സനാതന ധർമത്തിനെതിരായ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തില്‍ മറുപടി പറയുമ്പോൾ അത് കൃത്യമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കേന്ദ്ര മന്ത്രിസഭയുടെ വിശാലയോഗത്തിനിടെ മന്ത്രിമാരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി മന്ത്രിമാർക്ക് ഇങ്ങനെയൊരു നിർദ്ദേശം നൽകിയത്. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കണം. ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം എന്നായിരുന്നു നരേന്ദ്രമോഡിയുടെ നിർദ്ദേശം.

പ്രതിപക്ഷ നേതാക്കള്‍ ഉയർത്തുന്ന ഇന്ത്യ-ഭാരതം വിഷയം സനാതന ധർമ വിവാദത്തെ മൂടിക്കളയാതെ വിഷയം പഠിച്ച് അവതരിപ്പിക്കണമെന്നാണ് മന്ത്രിമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. ഇന്ത്യയും ഭാരതവും വിഷയത്തില്‍ പാർട്ടി വക്താക്കള്‍ മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്രസർക്കാർ ഒഴിവാക്കിയത് സനാതന ധർമ്മം അനുഷ്ഠിക്കുന്നവരുടെ വിവേചനത്തിന്റെ ഉദാഹരണമായി ഉദയനിധി സ്റ്റാലിൻ ഉദ്ധരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മോദിയുടെ പ്രതികരണം.

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന ഇതിനകം സജീവ ചർച്ചയായിട്ടുണ്ട്. ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമർശമുന്നയിച്ചത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തിൽനിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുൾപ്പെടെ നിരവധിപ്പേർ ഇതിൽ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും മാപ്പു പറയുന്ന പ്രശ്നമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.