സനാതന ധർമ്മത്തെയല്ല കമ്മ്യൂണിസത്തെയാണ് ഇല്ലാതാക്കേണ്ടത്: അമൽ ഉണ്ണിത്താൻ

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ കമ്മ്യൂണിസവുമായി കൂട്ടിക്കെട്ടുന്നതിന്റെ യുക്തി എന്താണെന്ന് പോസ്റ്റിൽ ആളുകൾ ചോദിക്കുന്നു.

0
215

കോഴിക്കോട്: സനാതന ധർമ്മത്തെയല്ല കമ്മ്യൂണിസം എന്ന മതത്തെയാണ് ഇല്ലാതാക്കേണ്ടതെന്ന് കോൺ​ഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അമൽ ഉണ്ണിത്താന്റെ പ്രതികരണം.

ഉദയനിധി സ്റ്റാലിന്റെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയത്തെ കമ്മ്യൂണിസവുമായി കൂട്ടിക്കെട്ടുന്നത് ഉണ്ണിത്താന്റെ മകനുള്ള സംഘപരിവാർ ആഭിമുഖ്യം കാരണമാണെന്ന് വിമർശനമുണ്ട്. നേരത്തെ അമൽ ഉണ്ണിത്താൻ രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചതും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതും പോസ്റ്റിനു താഴെ ആളുകൾ ഓർമ്മിപ്പിക്കുന്നുണ്ട്.

ശനിയാഴ്ച ചെന്നൈയിൽ നടന്ന തമിഴ്നാട് പ്രൊ​ഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിലാണ് വിവാദത്തിനിടയാക്കിയ പ്രസ്താവന ഉദയനിധി സ്റ്റാലിൻ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

സനാതന ധർമ്മം ഉൻമൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശനം വംശഹത്യക്കുള്ള ആഹ്വാനമാണെന്നാണ് ബിജെപിയുടെ വാദം. എന്നാൽ തന്റെ വാക്കുകൾ ബിജെപിയും സം​ഘപരിവാറും വളച്ചൊടിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

“കോൺ​ഗ്രസ് മുക്തഭാരതം എന്ന് മോദി പറയുന്നതിന്റെ അർത്ഥം കോൺ​ഗ്രസുകാരെയെല്ലാം കൊന്നു തീർക്കണമെന്നാണോ? അല്ലല്ലോ? സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന പ്രസ്താവനയും അങ്ങനെതന്നെയേ ഉള്ളൂ. സനാതന ധർമ്മക്കാരെ കൊല്ലണമെന്നല്ല, തെറ്റായ ആശയം ഇല്ലാതാക്കണമെന്നാണ് പറഞ്ഞത്.” ഉദയനിധി സ്റ്റാലിൻ പറഞ്ഞു.