ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്ന പേരില്‍ വ്യാജന്‍ വിറ്റാല്‍ യുഎഇയില്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ

0
626

പ്രശസ്ത കമ്പനികളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ച് അനുകരണ ഉൽപന്നങ്ങൾ വിറ്റാൽ യുഎഇയിൽ പത്തുലക്ഷം ദിർഹം വരെ പിഴയും ജയിൽശിക്ഷയും ലഭിക്കും. ആളുകളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ ഇത്തരം വ്യാജ ഉത്പന്ന വിപണിയുടെ മൂല്യം 23 ട്രില്യൺ ഡോളറാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

അനുകരണ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് മാത്രമല്ല, ഇവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ അധികാരികളിൽ നിന്ന് മറച്ചുവയ്ക്കുന്നതും നിയമലംഘനമാണ്. വ്യാജ ചരക്കുകളെക്കുറിച്ചും അവ കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തെ അറിയിക്കേണ്ടത് രാജ്യത്തെ താമസക്കാരുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ചരക്കുകൾ വ്യാജമാണെന്ന് അറിവില്ലായിരുന്നുവെങ്കിൽ അതിന്റെ തെളിവ് നൽകാൻ വിൽപ്പനക്കാരന് ബാധ്യതയുണ്ട്. വ്യാജമാണെന്ന് മനസിലായാൽ അക്കാര്യം വിതരണക്കാരെ അറിയിക്കാനും ഉത്തരവാദിത്തമുണ്ട്.

പ്രതിവർഷം കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും പുനർകയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. യുഎഇ അതിർത്തികളിലൂടെ വ്യാജ ചരക്കുകൾ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ കർശന നടപടികളും നിയമനിർമാണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി സമയങ്ങളിൽ പരിശോധന നടത്തിവരികയും ചെയ്യുന്നുണ്ട്.

വെയർഹൗസുകളിലോ കണ്ടെയ്‌നറുകളിലോ വൻതോതിൽ വ്യാജസാധനങ്ങൾ കണ്ടെത്തിയാൽ സാധനങ്ങൾ പിടിച്ചെടുത്ത് ബദൽ സംഭരണകേന്ദ്രത്തിലേക്ക് മാറ്റും. പിടിച്ചെടുത്ത സാധനങ്ങളുടെ സംഭരണം, ഗതാഗതം, കയറ്റിറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും പ്രതി തന്നെ വഹിക്കേണ്ടിവരും. പിടിച്ചെടുത്ത വസ്തുക്കളിലും മറ്റും കോടതി വിധി പൂർത്തിയായിക്കഴിഞ്ഞാൽ പ്രതികൾക്ക് അപ്പീൽ നൽകാം. സിവിൽ കേസുകൾ ഫയൽ ചെയ്യാനും നാശനഷ്ടത്തിനും കേടുപാടുകൾക്കും നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും പരാതിക്കാർക്ക് അവകാശമുണ്ട്.

പരാതിക്കാരന് ഒരു ബാഹ്യ വിദഗ്ധനെക്കൊണ്ട് നാശനഷ്ടം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാനും കഴിയും. ചില കേസുകളിൽ, കോടതി നിയമിച്ച ഒരു വിദഗ്ധൻ നഷ്ടം കണക്കാക്കിയേക്കാം. നാശനഷ്ടങ്ങളുടെ ക്ലെയിമുകൾ സാധൂകരിക്കാൻ കൺസൾട്ടൻസി റിപ്പോർട്ടിലൂടെ സാധിക്കും.

വ്യാജ ഉത്പന്നങ്ങൾ സംബന്ധിച്ച കേസുകളിലെ ശിക്ഷകൾ കോടതിയുടെ വിവേചനാധികാരത്തിലുള്ള കാര്യമാണ്. പിഴ, സാധനങ്ങൾ കണ്ടുകെട്ടൽ, പിടിച്ചെടുത്തവ നശിപ്പിക്കൽ, തടവ്, നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ളവ കോടതിയുടെ വിവേചനാധികാരത്തിൽ വരും. ട്രേഡ്മാർക്ക് വ്യാജമായി ഉപയോഗിച്ചാൽ ജയിൽ ശിക്ഷയോ ഒരു ലക്ഷം ദിർഹത്തിൽ കുറയാത്തതും 10 ലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴയോ ഇവ രണ്ടും ചേർന്ന കഠിനമായ ശിക്ഷകളോ ലഭിച്ചേക്കാം. വ്യവസ്ഥകൾക്കനുസൃതമായി രജിസ്റ്റർ ചെയ്ത ഒരു വ്യാപാരമുദ്രയെ അനുകരിച്ചുള്ളതോ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ളതോ ആയ വ്യാപാരമുദ്ര ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ വ്യാജ വ്യാപാരമുദ്രയുള്ള സാധനങ്ങൾ ബോധപൂർവം ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്താലും ശിക്ഷിക്കപ്പെടും.