കഴുത്തറക്കപ്പെട്ട നിലയിൽ വനിതാ ഫ്ലൈറ്റ് അറ്റൻഡന്റ്; മൃതദേഹം അടച്ചിട്ട ഫ്ലാറ്റിൽ

അടച്ചിട്ട ഫ്ലാറ്റിലാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

0
549

മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രിയാണ് (24) കൊല്ലപ്പെട്ടത്. കഴുത്തറക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അന്ധേരിയിലെ ഹൗസിങ് സൊസൈറ്റിയുടെ തൂപ്പുകാരനായ വിക്രം അത്വാൽ(40) അറസ്റ്റിലായി. അന്ധേരിയിലെ കൃഷൻലാൽ മാർവാ മാർഗിലെ മാരോൾ‌ പ്രദേശത്തെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മുംബൈ പോലീസാണ് അന്വേഷണം നടത്തുന്നത്.

അറസ്റ്റിലായ വിക്രമിന്റെ ഭാര്യയേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. വിക്രമിന്റെ ഭാര്യയും തൂപ്പുകാരിയാണ്.

എയർ ഇന്ത്യ വിമാന കമ്പനിയിൽ പരിശീലനം പൂർത്തിയാക്കിയ റുപാൽ കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിലെത്തിയത്. സഹോദരിക്കൊപ്പമാണ് റുപാൽ താമസിച്ചിരുന്നത്. സഹോദരിയുടെ പുരുഷ സു​ഹൃത്തും ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവർ 8 ദിവസം മുൻപ് സ്വദേശത്തേക്ക് പോയി. പോലീസാണ് റുപാലിന്റെ കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്.

പലതവണ വിളിച്ചിട്ടും റുപാൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടുകാരാണ് മുംബൈയിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചതും ഫ്ലാറ്റിൽ പോയി നോക്കാൻ നിർദ്ദേശിച്ചതും. സുഹൃത്തുക്കൾ എത്തുമ്പോൾ ഫ്ലാറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെൽ അമർത്തിയിട്ടും അകത്തു നിന്നും പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് തുറന്നപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.