ഉജ്ജൈൻ പുസ്തകോത്സവത്തിൽ പുസ്തക വിൽപ്പനക്കാര മുസ്ലിം യുവാവിനെ ആക്രമിച്ച് ദുർഗ്ഗാ വാഹിനി സംഘത്തിൽപ്പെട്ട സ്ത്രീകൾ

വി എച്ച്‌ പിയുടെ ജില്ലാ വൈസ് പ്രസിഡന്റ് റിതു കപൂറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീകളാണ് ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്

0
365

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈൻ പുസ്തകോത്സവത്തിൽ പുസ്തക വിൽപ്പനക്കാരനെ കൂട്ടമായി ആക്രമിച്ച് ദുർഗ്ഗാ വാഹിനി സംഘത്തിൽപ്പെട്ട സ്ത്രീകൾ. ഹോം ഡെലിവറിക്ക് ബന്ധപ്പെടാനുള്ള നമ്പർ ചോദിച്ചതോടെ മുസ്ലിം മതവിശ്വാസിയായ പുസ്തക വിൽപ്പനക്കാരനെ ഹിന്ദു വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകൾ യുവാവിനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി മാധ്യമപ്രവർത്തകർ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വലിയ വിമർശനമാണ് സംഭവത്തിൽ ഉയരുന്നത്.

വഖാർ സലീം എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ഉജ്ജൈനി പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഇദ്ദേഹവും ഒരു ബുക്ക് സ്റ്റാൾ ഇട്ടിരുന്നു. ഇവിടേക്കാണ് ഒരു കൂട്ടം സ്ത്രീകൾ പുസ്തക വിതരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയത്. വിവരങ്ങൾ ചോദിച്ച് അറിഞ്ഞതിന് ശേഷം ഹോം ഡെലിവറിക്ക് വേണ്ടി വഖാർ സലീം അവരുടെ കോൺടാക്റ്റ് നമ്പർ ആവശ്യപ്പെട്ടു. ഇതോടെ യുവതികൾ വഖാറിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ഗുരുദാസ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാരനാണ് താനെന്ന് വഖാർ വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പുസ്തക മേളയ്ക്ക് വേണ്ടിയാണ് സ്വദേശമായ ഗ്വാളിയോറിൽ നിന്നും താൻ ഉജ്ജയ്നിലേക്ക് എത്തിയത്. തന്റെ നമ്പർ കൈക്കലാക്കിയെന്ന് ആരോപിച്ച് ദുർഗ വാഹിനിയെന്ന സംഘടനയിൽപ്പെട്ട സ്ത്രീകൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

വി എച്ച്‌ പിയുടെ ജില്ലാ വൈസ് പ്രസിഡന്റ് റിതു കപൂറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീകളാണ് ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. തെറ്റായ ഉദ്ദേശത്തോടെ നമ്പർ വാങ്ങിയെന്ന ആരോപണവുമായി സലീമിന്റെ സ്റ്റാളിലേക്ക് ഇരച്ചുകയറിയ സംഘം യുവാവിന്റെ വിശദീകരണം കേൾക്കുന്നതിന് മുമ്പ് തന്നെ അവർ അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു.