ബിജെപിയുടെ ആസ്തിയിൽ വൻ വർധന, 21 ശതമാനം ഉയർന്ന് 6046 കോടിയായി ; കോൺഗ്രസിൻറെ ആസ്തി 805 കോടി

0
300

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ആസ്തിയിൽ വൻ വർധനവ്. 4990 കോടിയിൽനിന്ന് 21 ശതമാനം വർധനയോടെ 6046 കോടിയായിട്ടാണ് ആസ്തി ഉയർന്നത്. മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. അതേസമയം കോൺഗ്രസിൻറെ ആസ്തി 805 കോടിയായി വർധിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കു പുറത്തു വിട്ടത്.

മോദി – ആദാനി ബന്ധം രാജ്യത്ത് ചർച്ചാവിഷയം ആകുമ്പോ‍ഴാണ് ബിജെപിയിലേക്ക് സംഭാവനകളും സ്വത്തുക്കളും ഒ‍ഴുകുന്നത്. ഇന്ത്യയിൽ സമ്പത്ത് ചിലരുടെ കൈകളിലേക്ക് മാത്രം ചുരുങ്ങുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്നതിൻറെ മറ്റൊരു തലമാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ബിജെപിയിലേക്ക് മാത്രം പണം ഒ‍ഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അദാനിയുടെ ഷെൽ കമ്പനികളും അതിലെ നിക്ഷേപങ്ങളെ കുറിച്ചും മൗനം പാലിക്കുന്നതിനെ കുറിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള കരാറുകൾ അദാനിയെ തേടിയെത്തുന്നതിനെ കുറിച്ചും നിരവധി ചോദ്യങ്ങൾ മോദിക്ക് നേരെ ഉയരുമ്പോ‍ഴാണ് ബിജെപിയുടെ സ്വത്തിലുണ്ടായ വളർച്ച ചർച്ചയാകുന്നത്.