ചരിത്രത്തിലില്ലാത്ത വിധം കനത്ത പോരാട്ടമാണ് പുതുപ്പള്ളിയിൽ ഇക്കുറി. അനായാസം കടന്നുകയറാമെന്ന യു ഡി എഫ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളുടെ ധാരണ അടപടലം തകർന്നടിഞ്ഞു എന്നതാണ് പ്രചാരണരംഗം അടിവരയിട്ട് തെളിയിക്കുന്നത്. സഹതാപവും ചില പൊടിക്കൈകളും കൊണ്ട് ജയിച്ചേക്കാം എന്ന വിശ്വാസം ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈയൊരു വിഷമഘട്ടം മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ശതമാനവും മറ്റു ചില കണക്കുകളുമായി കോൺഗ്രസ് രംഗത്തുവരുന്നതിനുപിന്നിൽ. കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ശേഷിക്കേ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത് എന്ന് ഇരു മുന്നണികളും നേതാക്കളും ഒരുപോലെ സമ്മതിക്കുന്നു.
മുൻകാലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഇടതുമുന്നണിക്ക് നല്ല കുതിച്ചുചാട്ടം ഉണ്ടാക്കാനായി എന്ന് തെരഞ്ഞെടുപ്പ് പ്രചാരണരംഗം തെളിയിക്കുന്നു. കേവലമായ സഹതാപത്തിൽ നിന്നും വിഷയവും ചർച്ചയും രാഷ്ട്രീയത്തിലേക്കും വികസനത്തിലേക്കും മാറ്റാൻ കഴിഞ്ഞു എന്നതാണ് എൽ ഡി എഫിന്റെ വിജയം. കൃത്യമായ രാഷ്ട്രീയവും വികസനവും തന്നെയാകണം തെരഞ്ഞെടുപ്പിലെ ചർച്ച എന്നതിലേക്ക് പ്രചാരണരംഗത്തെ എത്തിക്കാൻ എൽ ഡി എഫിന് സാധിച്ചു. വെളുക്കെ ചിരിക്കലും ഓട്ടവുമാണ് വോട്ട് ചോദിക്കാനുള്ള മുഖ്യ അജണ്ട എന്ന് നിശ്ചയിച്ച മാധ്യമങ്ങളെക്കൊണ്ട് തന്നെ ഇത് തിരുത്തിക്കാനും കഴിഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ വികസന മുരടിപ്പ് എന്തുകൊണ്ട് എന്ന് മാധ്യമങ്ങൾക്കും ചർച്ച ചെയ്യേണ്ടിവന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്.
മണ്ഡലത്തിന്റെ ഏത് ഭാഗത്ത് നേരിട്ട് ചെന്നാലും വികസനം തന്നെയാണ് അവസാനഘട്ടത്തിലും പ്രധാന ചർച്ച. 53 കൊല്ലം, എന്തുണ്ടായി എന്ന് ചോദിച്ചാൽ വ്യക്തതയുള്ള മറുപടി പുറത്തുവരുന്നേയില്ല. ജനങ്ങൾ ഉയർത്തുന്ന ജീവൽ പ്രശ്നങ്ങളിൽ, അടിസ്ഥാന വികസന കാര്യങ്ങളിൽ മറുപടി പറയാൻ യു ഡി എഫ് നന്നേ വിയർക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് വികസന വിഷയം പരമാവധി ചർച്ച ചെയ്യിക്കാൻ എൽ ഡി എഫിന് കഴിഞ്ഞു എന്നതാണ് ഇടതുമുന്നണിയുടെ നേട്ടം.
പുതുപ്പള്ളിയിലെ പ്രചാരണരംഗത്തെ ഈയൊരു അവസ്ഥയിലേക്ക് എൽ ഡി എഫ് മാറ്റിയെടുക്കുമെന്ന് തങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് മുതിർന്ന കെപിസിസി നേതാവ് നേരറിയാൻ ഡോട്ട് കോമിനോട് പറഞ്ഞു. “അതിശക്തമായ പോരാട്ടം ആണെന്ന കാര്യത്തിൽ തർക്കമില്ല. കേവല ദിവസങ്ങൾ കൊണ്ട് ഇങ്ങനെ മാറ്റി എന്നതാണ് ആശങ്ക വളർത്തുന്നത്. അതികഠിനമായ മത്സരം തന്നെയാണ് നേരിടുന്നത്”- അഭിഭാഷകൻ കൂടിയായ കെപിസിസി നേതാവ് പറഞ്ഞു. പുതുപ്പള്ളിയോട് തൊട്ടടുത്ത പഞ്ചായത്തിന്റെയും പരിസരങ്ങളിലും യു ഡി എഫ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്ന നേതാവിന്റെ വാക്കുകൾ ഇങ്ങനെ. “സഹതാപം വർക്ക്ഔട്ട് ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഉൾപ്രദേശങ്ങളിൽ ചെല്ലുന്തോറും അതില്ല എന്ന് മനസിലായി. വികസന സംവാദത്തിനുള്ള ക്ഷണം കൂടിയായതോടെ സംഗതി കയ്യിൽ നിന്നും പോയി. പിടിച്ചുനിൽക്കൽ ഒരു സാഹസമാണ് സഹോദരാ. എങ്കിലും കടന്നുകൂടാൻ കഴിയുമെന്നാണ് പ്രതീക്ഷ”. കടന്നുകൂടാനോ എന്ന ചോദ്യത്തോട്, അത്രയേ തന്നെക്കൊണ്ട് ഇപ്പോൾ പറയാനാകൂ എന്നായിരുന്നു മറുപടി.
“പ്രചാരണരംഗത്തെ അവർ (എൽഡിഎഫ്) ഇങ്ങനെ മാറ്റുമെന്ന് ഉറക്കത്തിൽ പോലും കരുതിയില്ല. അത്രക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞങ്ങളുടെ സ്വാധീനമേഖലയായ അയർക്കുന്നത്ത് പോലും അവർ നല്ല ഇളക്കം സൃഷ്ടിച്ചു”.
പി ആർ ഏജൻസികളും ചില ഓൺലൈൻ ടീമും ആഞ്ഞ് ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് തന്ത്രം ആരെങ്കിലും പുറത്തുപറയുമോ എന്നായിരുന്നു മറുചോദ്യം. തല്ക്കാലം വിവരങ്ങൾ അങ്ങനെയിരിക്കട്ടെ എന്നും അടിയുറച്ച എ ഗ്രൂപ്പ് നേതാവ് പറഞ്ഞു.
കോഴിക്കോട് നിന്നെത്തിയ സംസ്ഥാന നേതാവിന്റെ അഭിപ്രായവും മറിച്ചല്ല. പാമ്പാടി പോലത്തെ പഞ്ചായത്തിൽ കാലുറപ്പിക്കാൻ നന്നേ വിയർക്കേണ്ടി വരുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരം അതികഠിനമാണെന്നും ‘മറ്റുചില സഹായങ്ങൾ’ ഉണ്ടായില്ലെങ്കിൽ പിന്നെ നോക്കേണ്ടെന്നും മണ്ഡലത്തിൽ ചുമതലയുള്ള ചില നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ജനശ്രദ്ധ തിരിച്ചുവിടാൻ ചില വിഷയങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവരണമെന്ന് ധാരണയായിട്ടുണ്ട്. തിരുവോണ ദിവസം രാത്രി വെള്ളൂരിലെ ഒരു ആദ്യകാല കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.
കോളനികളിലും സെറ്റിൽമെന്റ് കോളനികളിലും കടന്നുചെല്ലാൻ പറ്റാത്ത സാഹചര്യം ഉണ്ടായെന്ന് യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച അയർക്കുന്നം പഞ്ചായത്തിലെ രണ്ട് സെറ്റിൽമെന്റ് കോളനികളിൽ ചാണ്ടി ഉമ്മൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഇക്കാര്യം പറയുന്നത്. രണ്ടിടത്തും നിരാശ മാത്രമാണ് മറുപടിയായി കിട്ടിയത്. വോട്ട് ചോദിക്കുമ്പോൾ പ്രായമുള്ള സ്ത്രീകൾ മുഖം തിരിക്കുകയായിരുന്നു എന്നാണ് പേരൂർ സ്വദേശിയായ നേതാവ് പറഞ്ഞത്. ചാനലുകാർ ഇല്ലാതിരുന്നത് ഭാഗ്യമായി, അല്ലേൽ അവന്മാർ കോരിയെടുത്ത് അലക്കിയേനെ എന്നായിരുന്നു പ്രതികരണം.
പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും വികസന മുരടിപ്പിൽ പ്രതിഷേധം ശക്തമാണ്.
കുടിവെള്ളവും റോഡും വീടും ഇല്ലാതെ കഷ്ടം പേറുന്നവർ മാറിചിന്തിക്കും എന്നതും തള്ളിക്കളയാൻ സാധിക്കില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും നേരിട്ടത്തിയാൽ, ജനങ്ങളുമായി പ്രത്യേകിച്ച് വീട്ടമ്മമാരോട് സംസാരിച്ചാൽ അത് വ്യക്തവുമാണ്. സാധാരണ തെരഞ്ഞെടുപ്പിന്റെ ഓളമല്ല പുതുപ്പള്ളിയിൽ. 70 ശതമാനം വോട്ടർമാരിൽ, വിശിഷ്യാ യുവാക്കൾ വികസനം ചർച്ച ചെയ്യുന്നു എന്നതാണ് സത്യം. ചില ഓൺലൈനുകാരുടെ ഗിമ്മിക്കും അഭ്യാസങ്ങളുമല്ല, മറിച്ച് തങ്ങളുടെ അനുഭവങ്ങളും ജീവിതപരിസരങ്ങളുമായിരിക്കും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നവർ തുറന്നുപറയുന്നു.
അതേ, പുതുപ്പള്ളിയിൽ പൊടി പാറുകയാണ്. പൊരിഞ്ഞ പോരാട്ടത്തിന്റെ തീ. തങ്ങളുടെ പുതുപ്പള്ളി എക്കാലവും ഇങ്ങനെ പിന്നോക്കം നിൽക്കരുതെന്ന ചിന്ത സജീവമാണ് ഇവിടെ. പഴയ പുതുപ്പള്ളി മതിയോ അതോ പുതിയ പുതുപ്പള്ളി വേണോ എന്നതാണ് ഇവിടെയുയരുന്ന കാതലായ ചോദ്യം. അതിനുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലം.