പുതുപ്പള്ളി മാറിച്ചിന്തിക്കുന്നു ; നേരറിയാൻ – ഇലക്ഷൻ റീ ഡിഫൈൻഡ് സർവേ ഫലം

ഇലക്ഷൻ റീഡിഫൈൻഡ് എന്ന സന്നദ്ധ സംഘടന അതിന്റെ നൂറോളം പ്രവർത്തകരെ ഒരാഴ്ചയോളം ആദ്യഘട്ടത്തിലും മൂന്നു ദിവസം രണ്ടാം ഘട്ടത്തിലും മണ്ഡലത്തിലെമ്പാടും നിയോഗിച്ചതിന്റെ ഭാഗമായി ലഭിച്ച ഫലങ്ങളാണ് നേരറിയാൻ ഡോട്ട് കോം ഇവിടെ അവതരിപ്പിക്കുന്നത്...

0
895

രാഷ്ട്രീയവും വികസനവും ഒരുപോലെ ചർച്ചയായ പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക്. വീറും വാശിയും നിറഞ്ഞുനിന്ന കടുത്ത മത്സരമാണ് പുതുപ്പള്ളിയിൽ. സഹതാപം തരംഗം സൃഷ്ടി ക്കുമെന്ന വാദഗതിയൊന്നും വിലപ്പോകില്ലെന്ന് മാത്രമല്ല സഹതാപം വീതം വെച്ചുപോകും എന്നതാണ് യാഥാർഥ്യം. രണ്ടുതവണ പരാജയപ്പെട്ട ജെയ്ക്ക് സി തോമസിനും ഉമ്മൻ ചാണ്ടിയുടെ മകനെന്ന നിലയിൽ ചാണ്ടി ഉമ്മനും ഒരു പോലെ സഹതാപ വോട്ടുകൾ ബാധകമാകും.

അറുപതിനായിരമില്ല, മുപ്പതിനായിരവുമില്ല, എന്തിനേറെ പതിനായിരവുമില്ല. മറിച്ച് കടുത്ത മത്സരം തന്നെയാണ് പുതുപ്പള്ളിയിൽ. പുതുപ്പള്ളിയുടെ ഫലം ഫോട്ടോ ഫിനിഷിലേക്ക് എന്നതാണ് വസ്തുത. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളും ഇത് ശരി വെക്കുന്നു.

മൂന്ന് ഘട്ടമായി പുതുപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പാർട്ടിയോടോ ചായ്‌വില്ലാത്ത പ്രദേശങ്ങൾ തെരഞ്ഞെടുത്ത് നടത്തിയ സർവേ ഫലത്തിൽ ഇരു സ്ഥാനാർഥികൾക്കും ഏതാണ്ട് 40 ശതമാനത്തോളം പിന്തുണയാണ് രേഖപ്പെടുത്തിയത്. പത്ത് ശതമാനം പിന്തുണ ബിജെപിക്കാണ്. ബാക്കി വരുന്ന പത്ത് ശതമാനം നിഷ്പക്ഷമായാണ് രേഖപ്പെടുത്തിയത്. ഒരു മുന്നണിയോടും പ്രത്യക്ഷമായി അനുകൂല സമീപനം സ്വീകരിക്കാത്തവരാണ് ഈ പത്ത് ശതമാനം പേർ.

ഇലക്ഷൻ റീഡിഫൈൻഡ് എന്ന സന്നദ്ധ സംഘടന അതിന്റെ നൂറോളം പ്രവർത്തകരെ ഒരാഴ്ചയോളം ആദ്യഘട്ടത്തിലും മൂന്നു ദിവസം രണ്ടാം ഘട്ടത്തിലും മണ്ഡലത്തിലെമ്പാടും നിയോഗിച്ചതിന്റെ ഭാഗമായി ലഭിച്ച ഫലങ്ങളാണ് നേരറിയാൻ ഡോട്ട് കോം ഇവിടെ അവതരിപ്പിക്കുന്നത്. വികസന മുരടിപ്പ് തന്നെയാണ് പ്രധാനമായും ആളുകൾ ചർച്ചാവിഷയമാക്കിയത്. അതിൽ കുടിവെള്ളവും റോഡും ആണ് ഏറെ ഗൗരവത്തോടെ സംസാരിച്ചതും. മണർകാട് പോലുള്ള ഇടങ്ങളെ ലോക ശ്രദ്ധയിൽ കൊണ്ടുവരേണ്ടിയിരുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയാത്തതും വോട്ടർമാർ സജീവ സംവാദത്തിന് വിധേയമാക്കി.

ചാണ്ടി ഉമ്മന് 60,000 വോട്ടിന്റെ ഭൂരിപക്ഷം എന്ന മട്ടിൽ ഒരു ചാനൽ അവതരിപ്പിച്ച സർവേ പ്രവചനം തെരഞ്ഞെടുപ്പ് അഴിമതിയുടെ മികച്ച ഉദാഹരണമാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർഥികൾക്ക് വേണ്ടി വ്യാജ സർവേ നടത്തിക്കൊടുക്കുന്ന ചില സംഘങ്ങൾ മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നു. അതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിക്ക് ജീവിതകാലത്ത് ഒരിക്കൽ പോലും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തിലേക്ക് മകൻ ചാണ്ടി ഉമ്മൻ നടന്നുകയറും എന്ന തരത്തിൽ ഒരു സർവേ ഫലം പുറത്തുവിട്ടത്. ഇത് കൃത്യമായ തെരഞ്ഞെടുപ്പ് അഴിമതിയുടെ ഭാഗമാണ് എന്ന് ഞങ്ങളുടെ പ്രവർത്തകർക്ക് തെളിവുകൾ സഹിതം മനസിലാക്കാനുമായി.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ഇത്തരം വ്യാജ സർവേയും വാർത്തകളും കൊടുക്കുന്ന സംഘങ്ങളും പുതുപ്പള്ളിയിൽ സജീവമായിരുന്നു. പ്രധാനമായും ചില ഓൺലൈൻ സംഘങ്ങളെകൊണ്ടാണ് ഈ ശ്രമങ്ങൾ. കൊച്ചിയിൽ നിന്ന് അഞ്ചും തിരുവനന്തപുരത്ത് നിന്ന് മൂന്നും ചങ്ങനാശേരി, കോട്ടയം, കളമശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോന്ന് വീതം ഓൺലൈൻ സംഘങ്ങളാണ് എത്തിയത്. ഇവരുടെ വ്യാജ സർവേക്കനുസരിച്ച് തിരുവനന്തപുരത്തെ ചില സംഘങ്ങൾ ഓഫീസുകളിൽ ഇരുന്ന് തള്ളിമറിക്കുന്നുമുണ്ട്. എന്തായാലും പുതുപ്പള്ളിയിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഉദ്വേഗജനകമായിരിക്കും ഫലം എന്നതും നിസംശയം പറയാം.