പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയിൽ പോരാട്ടം അതിശക്തമാണെന്ന വിലയിരുത്തലിൽ മുന്നണികൾ. യു ഡി എഫിന് പതിവുപോലെ എളുപ്പമാകില്ല ഇത്തവണ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയെ വിറപ്പിച്ചതിലും ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും അത് നേട്ടമാകുമെന്നും ഇടതുമുന്നണി വിലയിരുത്തുന്നു.
ഇക്കുറി ‘മറ്റു ചില സഹായങ്ങൾ’ ഉണ്ടായില്ലെങ്കിൽ കടന്നുകൂടൽ പോലും ദുഷ്കരം ആകുമെന്ന് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിൽ പോലും തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസും സമ്മതിക്കുന്നു. ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകും എന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യു ഡി എഫ് സ്ഥാനാർഥി ആയി എന്നായിരുന്നു ആദ്യപ്രചരണം. എന്നാൽ, ഇത് വേണ്ടത്ര ഏശിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നുപറയുന്നു.
ഇടതുമുന്നണി ഉയർത്തിയ വിഷയങ്ങളെ പ്രതിരോധിക്കാൻ അവസാന നിമിഷം വരെ കഴിഞ്ഞിട്ടില്ലെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ സ്വയം സമ്മതിക്കുന്നുണ്ട്. കൃത്യമായ മറുപടി പറയാനോ കോളനികളിലെ അടക്കം കുടിവെള്ള വിഷയത്തിൽ സമഗ്ര പരിഹാരം നിർദ്ദേശിക്കാനോ സാധിക്കുന്നില്ല. ഈ പ്രതിസന്ധി മറികടക്കാൻ കഴിയാതെ വിയർക്കുകയാണ് യു ഡി എഫ് ക്യാമ്പ്.
അതിനിടയിൽ കൊലക്കേസ് പ്രതി നിഖിൽ പൈലി പ്രചാരണത്തിനെത്തിയത് കനത്ത തിരിച്ചടിയായി. കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ് നിഖിൽ പൈലി പ്രചാരണത്തിനായി എത്തിയതെന്നത് ആകെ മാനക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നടിക്കുന്നു. സമാധാനമുഖം എന്നറിയപ്പെടുന്ന ഉമ്മൻ ചാണ്ടിയെ പോലും അവഹേളിക്കുന്നതായി പൈലിയുടെ സാന്നിധ്യം എന്നും യു ഡി എഫിൽ അഭിപ്രായം ഉയർന്നു.
ഒരു ഓൺലൈൻ സ്ഥാപനം പടച്ചുവിട്ട സർവേയിൽ തൂങ്ങിയാൽ പോലും രക്ഷപ്പെടാൻ കഴിയുമോ എന്നതിലും യു ഡി എഫിൽ ഉറപ്പില്ല. സർവേ വാർത്തയും തുടർചർച്ചയും കാശ് വാങ്ങിയുള്ള ഏർപ്പാട് ആണെന്നും പെയ്ഡ് ആക്ഷൻ ആണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി യു ഡി എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കോൺഗ്രസ് നേതാക്കളുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്തുവന്നതും ആകെ ക്ഷീണമായി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവും ചികിത്സയും സംബന്ധിച്ച നടുക്കുന്ന വിവരങ്ങളാണ് ശബ്ദസന്ദേശം വഴി പുറത്തുവന്നത്. മാധ്യമങ്ങളുടെ ‘കൃപാകാടാക്ഷം’ കൊണ്ട് വാർത്ത അറിയില്ലെങ്കിലും മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും ഇക്കാര്യം അറിഞ്ഞു. ഇതൊക്കെ പ്രതിഫലിച്ചാൽ രംഗം ആകെ മാറും.
ഈയൊരു സാഹചര്യത്തിൽ ‘മറ്റു ചില സഹായങ്ങൾ’ ഉറപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈ വിടുമെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം, പുതുപ്പള്ളിയെ കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി എൽ ഡി എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
വലിയ വിഭാഗം മാധ്യമങ്ങളും ഭൂരിഭാഗം ഓൺലൈനുകാരും പുതുപ്പള്ളിയിൽ യു ഡി എഫിനൊപ്പമാണ്. എന്നിട്ടും ഇതിനെയൊക്കെ മറികടന്ന് പ്രചാരണ രംഗത്ത് വൻകുതിപ്പ് നടത്താൻ കഴിഞ്ഞുവെന്നതും എൽ ഡി എഫിന് ആത്മവിശ്വാസമേകുന്നു. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോർട്ടർ, 24 ന്യൂസ് എന്നിവരുടെ നുണപ്രചാരണങ്ങളും വ്യാജ വാർത്തകളും കയ്യോടെ പൊളിച്ചടുക്കാൻ കഴിഞ്ഞത് കുറച്ചൊന്നുമല്ല ഇടതുകേന്ദ്രങ്ങളെ ആവേശഭരിതരാക്കിയിട്ടുള്ളത്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത’നല്ലതു പറച്ചിൽ’ ‘വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്’, ‘കദന- കണ്ണീർ കഥകൾ’ എന്നിവ ചീറ്റിയതോടെ മാധ്യമങ്ങളുടെ കപടമുഖം തെളിവുകൾ സഹിതം പരസ്യമായി വലിച്ചുകീറാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.
വികസന മുരടിപ്പ് ചർച്ചയാകുന്നത് തടയാൻ അജണ്ട നിശ്ചയിച്ച് വന്ന മനോരമയെയും ഏഷ്യാനെറ്റിനെയും പുതുപ്പള്ളിയിലെ ജനങ്ങൾ നിലം തൊടീച്ചതുമില്ല. നാട്ടുകാർ എന്ന വ്യാജേന കോൺഗ്രസുകാരുടെ മാത്രം പ്രതികരണം എടുത്തുകൊടുത്ത് ചില ഓൺലൈനുകാരും ‘മാതൃകയായി’. വികസനം ചർച്ച ചെയ്‌താൽ അത് തിരിച്ചടി ആകുമെന്ന് മാധ്യമങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും 100 ശതമാനം ഉറപ്പായിരുന്നു. അതുകൊണ്ടാണ് കദനകഥകൾ രചിച്ച് ഇവർ രംഗത്തുവന്നത്. കോൺഗ്രസിന്റെ കോടികൾ മുടക്കിയുള്ള പി ആർ ഏജൻസിയുടെ ചരടുവലികൾക്ക് അനുസരിച്ചായിരുന്നു മാധ്യമങ്ങളുടെ ഓരോ വാർത്തയും.
പ്രതിസന്ധി മുറുകിയതോടെയാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ സർവേയും പൊക്കിപ്പിടിച്ച് കോൺഗ്രസ് രംഗത്തുവന്നത്. ജനങ്ങളുടെ അഭിപ്രായം എന്ന മട്ടിലായിരുന്നു ‘സർവേ’. എന്നാൽ, അതിന്റെ വിശ്വാസ്യത ഇപ്പോൾ പരക്കെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. കൊലക്കേസ് പ്രതി വന്നപ്പോഴും കോൺഗ്രസ് നേതാക്കളുടെ ശബ്ദ സന്ദേശം പരസ്യമായപ്പോഴും മൗനം പാലിച്ച സർവേ ടീം ഏത് ജനത്തിന്റെ പ്രതികരണമാണ് എടുത്തത് എന്ന് അത്ഭുതം കൂറുകയാണ് പുതുപ്പള്ളിക്കാർ. ബിജെപി പേരിനുമാത്രം മത്സരിക്കുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. വലിയ മാറ്റമൊന്നും തങ്ങൾക്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന് നേതാക്കൾ തന്നെ തുറന്നുപറയുന്നു.