കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; റിവോൾവർ കണ്ടെത്തി

സംഭവ സ്ഥലത്തു നിന്നും മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള റിവോൾവർ കണ്ടെത്തി.

0
247
കേന്ദ്ര മന്ത്രി കൗശൽ കിഷോർ

ലഖ്നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയില്‍ 30 വയസുള്ള യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി അനുഭാവികൂടിയായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകന്‍ വികാസിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശ്രീവാസ്തവ. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. മന്ത്രിയുടെ മകന്‍ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തിന് പിന്നാലെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 4.15നാണ് കൊലപാതകം നടന്നത്. മൃതദേഹത്തിനു സമീപത്തു നിന്നും ഒരു റിവോൾവർ കണ്ടെത്തി. വികാസ് കിഷോറിന്റെ പേരിലുള്ള ലൈസൻസുള്ള തോക്കാണ് കണ്ടെത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ലഖ്‌നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് പറഞ്ഞു. ലഖ്നൗവിലെ താക്കൂർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ കൗശൽ കിഷോറിന്റെ വീട്ടിലാണ് യുവാവ് വെടിയേറ്റ് മരിച്ചത്.

കുറ്റവാളികളെ ശിക്ഷിക്കുമെന്ന് കൗശൽ കിഷോർ പറഞ്ഞു. പ്രതികളെ രക്ഷിക്കില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഉറപ്പ് നൽകുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. മകന്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് വിനയ് ശ്രീവാസ്തവയുടെ കുടുംബം ആവശ്യപ്പെട്ടു.