രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരും പ്രതികൾ; ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു

0
517

പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരുമാണ് പൊലീസ് കുന്ദമംഗലം കോടതിയിൽ സമർപ്പിച്ച പ്രതിപ്പട്ടികയിലുള്ളത്.

മഞ്ചേരി മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. സി കെ രമേശൻ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ ഐഎംസിഎച്ചിലെ നഴ്‌സുമാരായ രഹ്ന, കെ ജി മഞ്ജു എന്നിവരാണ് യഥാക്രമം പ്രതികളായിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതി ഡോ. സി കെ രമേശൻ അന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്നു. ഡോ. ഷഹന അന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടറായിരുന്നു. അതിനു ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്.

ഹർഷിന നൽകിയ പരാതിയിൽ മൂന്ന് ആരോഗ്യപ്രവർത്തകരെ പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആർ ഇട്ടത്. എന്നാൽ ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ടു ഡോക്ടർമാർക്കും രണ്ടു നഴ്‌സുമാർക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക പുതുക്കിയത്.