ഖത്തറിൽ കോവിഡ് ഇജി.5 വകഭേദം സ്ഥിരീകരിച്ചു

0
295

ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം ‘ഇജി.5 ‘സ്ഥിരീകരിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ സാഹചര്യങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതർ വെളിപ്പെടുത്തി.

ഗുരുതര അണുബാധ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണം. കോവിഡ് ലക്ഷണങ്ങളുള്ളവർ ഉടൻ പരിശോധനയ്ക്ക് വിധേയമായി ചികിത്സ തേടണം. 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരിലാണ് രോഗം പിടിപെടാൻ സാധ്യത കൂടുതലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ആദ്യമാണ് കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. നിലവിൽ ഗൾഫ് മേഖലയിലുൾപ്പെടെ 50 രാജ്യങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ഇജി.5 ന് പുറമെ ബിഎ.2.86 എന്ന വകഭേദം യുഎസ്, ഇംഗ്ലണ്ട്, ഡെൻമാർക്ക് എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ പോലെ പുതിയ 2 വകഭേദങ്ങളും ഗുരുതര ലക്ഷണങ്ങൾക്കോ രോഗാവസ്ഥയ്‌ക്കോ ഇടയാക്കുമെന്നതിന് ഇതുവരെ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ചികിത്സ വേണ്ടവർ

ശരീര താപനില 38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉള്ളവർ, വിറയൽ, ക്ഷീണവും ശരീര വേദനയും, നെഞ്ചു വേദനയോടു കൂടിയ ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണം.