ഷാജൻ സ്കറിയയെ വീണ്ടും അറസ്റ്റ് ചെയ്തേക്കും

അറസ്റ്റ് തടയാൻ ഷാജന്റെ അഭിഭാഷകൻ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.

0
508
ഷാജൻ സ്കറിയ

കൊച്ചി: പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവത്തിൽ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയെ വീണ്ടും അറസ്റ്റ് ചെയ്തേക്കും. 2019ല്‍ കൊവിഡ് കാലത്ത് പൊലീസിന്റെ ഗ്രൂപ്പില്‍ നിന്ന് വയര്‍ലെസ് സന്ദേശം പുറത്തുപോയത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പോലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്ന പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തിട്ടുള്ളത്.

നിലവില്‍ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജാമ്യം നല്‍കിയ മറ്റൊരു കേസില്‍ മൊഴിനല്‍കാന്‍ ഷാജന്‍ സ്‌കറിയ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആലുവ സ്റ്റേഷനിലെ പൊലീസുകാര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

അതേസമയം അറസ്റ്റ് തടയാന്‍ ഷാജന്റെ അഭിഭാഷകൻ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ഈ ഹർജി ജില്ലാ കോടതി പരിഗണിക്കുമെന്ന് ഷാജന്റെ അഭിഭാഷകന്‍ അറിയിച്ചു.