അപർണ മരിക്കും മുൻപ് വീഡിയോ കോൾ ചെയ്ത് അമ്മയോട് പറഞ്ഞു, ‘ഞാൻ പോകുന്നു’!

0
68177

സിനിമ, സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. നടിയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്ത് ‘ഞാൻ പോകുന്നു’ എന്ന് നടി പറഞ്ഞതായി റിപ്പോർട്ട്. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് നടി കുറെ കരയുകയും പിന്നീട് ഫോൺ കട്ടാക്കുകയും ചെയ്തു. ശേഷം അമ്മയെ തേടിയെത്തിയത് നടിയുടെ മരണവാർത്തയായിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ നടി മരണപ്പെട്ടിരുന്നു. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു.

ജനപ്രിയ സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്ന താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായിരുന്ന അപർണ മരിക്കുന്നതിന് തൊട്ടുമുമ്പും സന്തോഷകരമായ നിമിഷങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചത്. ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന് ക്യാപ്‌ഷൻ നൽകിയ പോസ്റ്റിന് തൊട്ടു മുൻപായി കാണുന്നത് പ്രസന്നവദനയായി, സാരി ചുറ്റി നിൽക്കുന്ന അപർണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീൽസ് വീഡിയോ ആണ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)