6 മീറ്റർ വ്യാസമുള്ള കൂടുകൾക്ക് പകരം 30 മീറ്റർ; ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങൾ ഇനി ഒരു കൂടിൽ; കൂടുമത്സ്യകൃഷി ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണം: കേന്ദ്ര ഫിഷറീസ് മന്ത്രി

0
316

തീരക്കടലുകളിൽ മാത്രമായി ചെയ്തുവരുന്ന കൂടുമത്സ്യകൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. ഇതിന് അനുയോജ്യമായി രൂപകൽപന ചെയ്ത വലിയ കൂടുകൾ ആവശ്യമാണ്. നിലവിലെ 6 മീറ്റർ വ്യാസമുള്ള കൂടുകൾക്ക് പകരം 30 മീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള കൂടുകളാണ് വേണ്ടത്. ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ ഒരു കൂടിൽതന്നെ ആഴക്കടലിൽ കൃഷിചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഇത്തരം മത്സ്യക്കൂടുകൾ നിർമിക്കുന്നതിനും ആഴക്കടൽ കൂടുകൃഷിരീതി വികസിപ്പിക്കുന്നതിനുമുള്ള ചുമതല സിഎംഎഫ്ആർഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാഗർപരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയിൽ തുടക്കംകുറിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര മന്ത്രിയും സംഘവും സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിൽ സന്ദർശനം നടത്തിയത്. കേന്ദ്ര സഹമന്ത്രിമാരായ ഡോ. എൽ.മുരുഗൻ, വി.മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.