പിഡിഎഫിന്റെ പിതാവ്  ജോൺ വാർനോക്ക് അന്തരിച്ചു

0
319

കമ്പ്യൂട്ടർ സോഫ്റ്റ് വെയർ വിപ്ലവത്തിലെ സൂപ്പർ സ്റ്റാറും പിഡിഎഫിന്റെ പിതാവുമായ ജോൺ വാർനോക്ക് അന്തരിച്ചു. ഡെസ്ക് ടോപ് പബ്ളീഷിംഗിൽ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, ഇൻഡിസൈനർ തുടങ്ങിയ സോഫ്റ്റ്‌ വെയറുകൾ വികസിപ്പിച്ചതും ഫോട്ടോകളും വിവരണങ്ങളും പോർട്ടബിൾ ഡോക്യമെന്റ് ഫോർമറ്റ് (PDF) ആക്കുന്ന അഡോബി സാങ്കേതിവിദ്യ കണ്ടെത്തിയും ജോൺ വാർനോക്കാണ്.

സ്കൂളിൽ പഠിക്കുന്ന കാലത്തു കണക്കിന് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ ശകാരിക്കുകയും പുറത്താക്കുകയുംചെയ്ത വിദ്യാർഥിയായിരുന്നു ജോൺ വാർനോക്ക്. പതിറ്റാണ്ടുകളായി അദ്ദേഹം പ്രചോദനം നൽകുന്ന അഡോബി കമ്മ്യൂണിറ്റിക്കും വ്യവസായരംഗത്തിനും ഇത് സങ്കടകരമായ ദിവസമാണ് എന്ന് അഡോബി സിഇഒ ശാന്തനു നാരായൺ ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു.

1982 ൽ സാൻ ഹൊസേയിൽ ചാൾസ് ഗെഷ്കെയ്ക്കൊപ്പമാണ് വാർണോക്ക് അഡോബിയ്ക്ക് തുടക്കമിട്ടത്. 2000 ൽ സിഇഒ ആയാണ് അദ്ദേഹം വിരമിച്ചത്. 2017 വരെ ഗെഷ്കെയ്ക്കൊപ്പം കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനവും പങ്കിട്ടു. മരണം വരെ ബോർഡ് അംഗവും ആയിരുന്നു. 2021 ൽ 81ാം വയസിലാണ് ഗെഷ്കെ അന്തരിച്ചത്.

അഡോബി ആരംഭിക്കുന്നതിന് മുമ്പ്, സെറോക്സിലെ പാലോ ആൾടോ റിസർച്ച് സെന്ററിലെ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ആയിരുന്നു വാർണോക്ക്. പിന്നീട് ഇവാൻസ് ആന്റ് സുതെർലാൻഡ് കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസസ് കോർപ്പ്, ഐബിഎം, യുട്ട സർവകലാശാല എന്നിവിടങ്ങളിലും വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു. മർവ യാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.

സെറോക്സ് ഹോൾഡിങ് കോർപ്പ് (Xerox Holding Corp) എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോഴാണ് വാർണോക്കും ഗെഷ്കെയുപം പരിചയപ്പെടുന്നത്. ഇരുവരും തയ്യാറാക്കിയ ആദ്യ ഉത്പന്നം ഡെസ്ക്ടോപ്പ് പബ്ലിഷിങിന് സഹായിക്കുന്ന പോസ്റ്റ് സ്ക്രിപ്റ്റ് ആയിരുന്നു.