റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേട്; രാജസ്ഥാന്‍ ഹൈക്കോടതി

0
132

ഫോറസ്റ്റ് ഗാർഡ് റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ സ്ത്രീകളുടെ നെഞ്ചളവിന് മാനദണ്ഡം നിശ്ചയിക്കുന്നത് മര്യാദകേടും ഭരണഘടനാലംഘനവുമാണെന്ന സുപ്രധാനവിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി. സ്ത്രീ എന്ന നിലയിലുള്ള അന്തസിനുമേലുള്ള കടന്നുകയറ്റവും അതിരുകടന്ന നടപടിയുമാണിതെന്നും ജസ്റ്റിസ് ദിനേശ് മെഹ്ത അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ നടപടിയെന്ന് രാജസ്ഥാൻ ഹൈക്കോടതി വ്യക്തമാക്കിയതായി ‘ലൈവ് ലോ’ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു യോഗ്യതാ മാനദണ്ഡം പിന്തുടരേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു. ഈ മാനദണ്ഡം പുനഃപരിശോധിക്കാൻ ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി എന്നിവരോട് നിര്‍ദേശിച്ചു.

ഫോറസ്റ്റ് ഗാര്‍ഡ് പരീക്ഷയിലെ നെഞ്ചളവ് മാനദണ്ഡത്തിനെതിരെ മൂന്നു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് മേത്തയുടെ നിരീക്ഷണം. റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയായതിനാല്‍ ഹര്‍ജി തള്ളുന്നുവെന്ന് അറിയിച്ച കോടതി അപമാനകരമായ യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു.

ശാരീരിക പരീക്ഷയില്‍ ജയിച്ചിട്ടും നെഞ്ചളവിന്റെ പേരില്‍ അയോഗ്യത കല്‍പ്പിച്ചതിന് എതിരെയാണ് സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. നിര്‍ദിഷ്ട മാനദണ്ഡത്തിനും മുകളിലാണ് തങ്ങളുടെ നെഞ്ചളവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇതു പരിശോധിക്കാന്‍ കോടതി എയിംസ് മെഡിക്കല്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചു. ബോര്‍ഡ് ഹര്‍ജിക്കാരുടെ അവകാശവാദത്തെ തള്ളുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളിയ കോടതി യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കാൻ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയായിരുന്നു.

സ്ത്രീകളുടെ നെഞ്ചളവ് ശാരീരിക ക്ഷമതയുടെ അടയാളമായി കണക്കാക്കുന്നത് ശരിയാവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് ശ്വാസകോശ ക്ഷമതയ്ക്കും തെളിവല്ല. അതേസമയം അതില്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.