മഹാരാജാസ് കോളേജിൽ ക്ലാസെടുക്കുന്നതിനിടെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങി കോളേജ് കൗൺസിൽ. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. ബുധനാഴ്ച തന്നെ പരാതി നൽകാനാണ് കൗൺസിൽ യോഗം തീരുമാനിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കോളേജിലെ ആഭ്യന്തര അന്വേഷണം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. സി യു പ്രിയേഷിനെ ക്ലാസെടുക്കുന്നതിനിടെ ഒരുപറ്റം വിദ്യാർഥികൾ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. കാഴ്‌ച പരിമിതിയുള്ളയാളാണ് പ്രിയേഷ്. ക്ലാസെടുക്കുന്നതിനിടെ കെഎസ്‌യു നേതാവായ മുഹമ്മദ് ഫാസിൽ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാർഥികൾ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാർഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസിൽ, എൻ ആർ പ്രിയത, ഫാത്തിമ നഫ്‌ലം, എം ആദിത്യ, നന്ദന സാഗർ, വി രാഗേഷ് എന്നിവരെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. അധ്യാപകനായ ഡോ. സി. യു പ്രിയേഷിന്റെ പരാതിയിലാണ് നടപടി.
ഇതിനിടെ, സംഭവം വഴിതിരിച്ചുവിടാൻ കെഎസ്‌യു കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിരുന്നു. ഉന്നത കോൺഗ്രസ് നേതാക്കൾ വഴി അദ്ധ്യാപകരെ സമ്മർദ്ദത്തിലാക്കാൻ കെഎസ്‌യു നീക്കം ആരംഭിച്ചു. ഇതിനുപുറമെ കോളേജ് അധ്യാപകരെയാകെ സംശയമുനയിൽ നിർത്തുന്ന തരത്തിൽ രാഷ്ട്രീയ ദുരാരോപണം കൂടി ഫാസിൽ അടക്കമുള്ളവർ ഉന്നയിച്ചു. അധ്യാപകർക്കെതിരെ പൊലീസിൽ പരാതിയും നൽകി. ഇതോടെയാണ് നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചത്.