എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ. വത്തിക്കാന്‍ പ്രതിനിധി പ്രവേശിക്കുന്നതിനെതിരെ വിമത വിഭാഗം പ്രതിഷേധവുമായി എത്തി. ഇതോടെ ബസിലിക്കയുടെ ഗേറ്റ് പൂട്ടി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു. പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു.
എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ആർച്ച് ബിഷപ്പ് വന്നാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ഒരു വിഭാഗം അറിയിച്ചിരുന്നു. എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അർച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.