സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന് വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിച്ചതായി സുപ്രീംകോടതി

0
217

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ സുപ്രീംകോടതി. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പൊതുജനങ്ങളോട് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തുവെന്ന തരത്തിലുള്ള കുറിപ്പാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ചിത്രമടക്കം ഉപയോഗിച്ചാണ് വ്യാജപ്രചരണം. ‘ഇന്ത്യൻ ഡെമോക്രസി സുപ്രീംകോർട്ട് സിന്ദാബാദ്’ എന്ന തലക്കെട്ടിലാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിച്ചതായും സുപ്രീംകോടതി പിആർഒ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്തു.

‘ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. നിങ്ങളുടെ (പൊതുജനങ്ങളുടെ) സഹകരണവും ഇതിന് ഏറെ പ്രധാനമാണ്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി സർക്കാരിനോട് അവകാശങ്ങൾ ചോദിക്കുക. ഈ ഏകാധിപത്യ സർക്കാർ ആളുകളെ ഭയചകിതരാക്കും, ഭീഷണിപ്പെടുത്തും. പക്ഷേ നിങ്ങൾ പേടിക്കേണ്ടതില്ല. ധൈര്യം സംഭരിക്കുക, സർക്കാരിനോട് ധീരമായി ചോദിക്കുക, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്’ എന്നാണ് ചീഫ് ജസ്റ്റിസിന്റെ ആഹ്വാനമെന്ന രീതിയിലുള്ള വ്യാജ പ്രചാരണം.

സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു പോസ്റ്റിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ആഹ്വാനമെന്ന നിലയിൽ പ്രചരിക്കുന്നതായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവുമാണ്. ഇത്തരമൊരു പോസ്റ്റ് ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുകയോ അദ്ദേഹം അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ തുടർനടപടി കൈക്കൊണ്ടുവരികയാണ് എന്നാണ് സുപ്രീംകോടതി പിആർഒ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.